വാഷിംഗ്ടണ്‍: അപോളോ ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചാന്ദ്ര മണ്ണില്‍ ആദ്യമായി സസ്യങ്ങള്‍ നട്ടുവളര്‍ത്തി. ചന്ദ്രനില്‍ അല്ലെങ്കില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണവും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ നിര്‍ണായകമായ ചുവടുവയ്പ്പാണിത്.
യുഎസിലെ യൂനിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയിലെ (യുഎഫ്) ഗവേഷകരാണ് ചന്ദ്രനിലെ മണ്ണില്‍ സസ്യങ്ങള്‍ വിജയകരമായി മുളപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. കമ്യൂനികേഷന്‍സ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠന റിപോര്‍ടില്‍, ഭൂമിയില്‍ കാണുന്ന മണ്ണില്‍ നിന്ന് വളരെ വ്യത്യസ്തമായ ചന്ദ്രന്റെ മണ്ണിനോട് സസ്യങ്ങള്‍ ജൈവശാസ്ത്രപരമായി എങ്ങനെ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ ആര്‍ടെമിസ് ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്. ‘ബഹിരാകാശത്ത് എങ്ങനെ ചെടികള്‍ വളര്‍ത്താം എന്നതിനെ കുറിച്ച് ആര്‍ടെമിസിന് മികച്ച ധാരണ ആവശ്യമാണ്’, പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളും യുഎഫ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ സയന്‍സസിലെ (യുഎഫ്/ഐഎഫ്എഎസ്) പ്രൊഫസറുമായ റോബ് ഫെര്‍ല്‍ പറഞ്ഞു.
ഗവേഷകര്‍ക്കുള്ള വെല്ലുവിളി, പരീക്ഷണം നടത്താന്‍ അധികം ചന്ദ്ര മണ്ണില്ല എന്നതാണ്. 1969 മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍, നാസ ബഹിരാകാശയാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 382 കിലോഗ്രാം (842 lb) ചാന്ദ്ര പാറകള്‍, കോര്‍ സാമ്പിളുകള്‍, ഉരുളന്‍ കല്ലുകള്‍, മണല്‍, പൊടി എന്നിവ കൊണ്ടുവന്നിരുന്നു. പരീക്ഷണത്തിനായി ഫ്‌ലോറിഡ യൂനിവേഴ്‌സിറ്റി ടീമിന് ഒരു ചെടിക്ക് ഒരു ഗ്രാം മണ്ണ് മാത്രമാണ് നല്‍കിയത്. അപോളോ 11, 12, 17 ചാന്ദ്ര ദൗത്യങ്ങളിലാണ് ഈ മണ്ണ് ശേഖരിച്ചത്.
‘നാസയുടെ ദീര്‍ഘകാല മനുഷ്യ പര്യവേക്ഷണ ലക്ഷ്യങ്ങള്‍ക്ക് ഈ ഗവേഷണം നിര്‍ണായകമാണ്, കാരണം ഭാവിയിലെ ബഹിരാകാശയാത്രികര്‍ക്ക് ദീര്‍ഘനാള്‍ ബഹിരാകാശത്ത് ജീവിക്കാനും പ്രവര്‍ത്തിക്കാനും ആവശ്യമായ ഭക്ഷ്യ സ്രോതസുകള്‍ വികസിപ്പിക്കുന്നതിന് ചന്ദ്രനിലും ചൊവ്വയിലും കണ്ടെത്തിയ വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്’, നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു.