KeralaNews

കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കും; കണ്ടെയ്ൻമെൻ്റ് സോണുകളിൽ മാത്രം ഓൺലൈൻ ക്ലാസ്

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ഉൾപ്പെടാത്ത എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ എ ഗീതയുടെ ഉത്തരവ്. നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നുവെന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്.

അതേസമയം കണ്ടെയ്ൻമെൻ്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുംവരെ അധ്യയനം ഓൺലൈനായി തുടരണമെന്ന് കളക്ടർ നിർദേശിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം.

വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും എല്ലാവരും ഇതുപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജില്ലയിൽ വിവിധയിടങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബർ 16ലെ ഉത്തരവ് പ്രകാരം അധ്യയനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഇന്നുവരെയാണ് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിരുന്നത്. അതേസമയം ജില്ലയിൽ ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒൻപതു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker