KeralaNews

നവംബറില്‍ സ്‌കൂള്‍ തുറന്നാലും ആദ്യആഴ്ച ക്ലാസുകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം; ഘട്ടം ഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നാലും ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തേക്കും. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാനാണ് ശ്രമം. പ്രൈമറി മുതല്‍ മേലോട്ടുള്ള ക്ലാസുകളില്‍ മുഴുവന്‍ പിരീയഡും ക്ലാസ് ആദ്യഘട്ടത്തില്‍ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന.

ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാത്തിലും വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമതീരുമാനം. പ്ലസ് വണ്‍ പരീക്ഷക്കും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്കും ഇടയില്‍ സ്‌കൂള്‍ തുറക്കുന്നത് അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന് പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലെ ആശങ്ക നീങ്ങിയിട്ടില്ല.

കുട്ടികള്‍ക്ക് ഇനിയും വാക്സിന്‍ ആയിട്ടില്ല. കുട്ടികളാകട്ടെ മുഴുവന്‍ സമയവും മാസ്‌ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങള്‍ക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്. വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവന്‍ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് ക്ലാസ് തുറക്കുന്നത്. 23 മുതല്‍ അടുത്ത മാസം വരെയാണ് പ്ലസ് വണ്‍ പരീക്ഷ. ഈ മാസം 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.

ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളാണ് നവംബര്‍ ഒന്നു മുതല്‍ തുടങ്ങുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുന്‍പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരിന്നു. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിന്നു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരിന്നു.

കേരളത്തില്‍ ഇന്നലെ 19,653 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂര്‍ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button