തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 967 സ്‌കൂളുകളിലാണ് വാക്‌സിനേഷന് സൗകര്യമൊരുക്കുക. ഇതിനായി പ്രത്യേക മുറികള്‍ സജ്ജമാക്കും. 8.14 ലക്ഷം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കേണ്ടതെന്നും നിലവില്‍ 51 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സമീപത്ത് ആംബുലന്‍സുകളും സജ്ജീകരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കായിട്ടാണിത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ജാഗ്രത കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. പത്താം ക്ലാസിനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്കും നിലവിലെ പഠനരീതി തുടരും. പരീക്ഷയ്ക്ക് മുന്‍പ് ഇവരുടെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കേണ്ടതുണ്ടെന്നും രണ്ടാഴ്ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി.