ന്യൂഡല്‍ഹി : ദളിത് വിഭാഗങ്ങളിൽ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവർക്കും എസ് സി പദവി നൽകണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്രസർക്കാർ. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറിയവർ തൊട്ടുകൂടായ്മ നേരിടുന്നില്ല. ഈ സാഹചര്യത്തിൽ അവർക്കും എസ് സി പദവി നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. മതം മാറിയവർക്ക് എസ് സി പദവി നൽകണമെന്ന രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കില്ല.
മതിയായ പഠനമോ സർവേയോ നടത്താതെയാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ആധ്യക്ഷനായി സർക്കാർ പുതിയ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.