ന്യൂഡല്‍ഹി: ഷോട്സ് ധരിച്ച് എത്തിയതിന് എസ്ബിഐ ബാങ്ക് ഇറക്കിവിട്ടതായി യുവാവിന്റെ പരാതി. ആശിഷ് എന്നയാളാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്തെത്തിയത്. ഷോട്സ് ധരിച്ച് എസ്ബിഐ ശാഖയിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിച്ചുവെന്നാണ് ഇയാളുടെ പരാതി.
ബാങ്കിന്റെ മാന്യതക്ക് ചേരുന്ന വസ്ത്രം ധരിച്ച് എത്താനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചതെന്നും ഇയാള്‍ പറയുന്നു. പാന്റ് ധരിച്ചെത്താനാണ് ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. അതേസമയം, ഇത്തരത്തില്‍ എസ്ബിഐ എന്തെങ്കിലും ഡ്രസ്‌കോഡ് ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് ആശിഷിന്റെ ആവശ്യം.
സമാനമായ അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പങ്കുവെക്കണമെന്നും ആശിഷ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഇതിനിടെ, ഉപയോക്താകള്‍ക്ക് ഒരു തരത്തിലുമുള്ള ഡ്രസ്‌കോഡും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എസ്ബിഐ പ്രതികരിച്ചു. പ്രാദേശികമായി അംഗീകരിച്ച പാരമ്പര്യത്തിനും സംസ്‌കാരത്തിനും അനുസരിച്ചുള്ള ഏത് വസ്ത്രവും ധരിക്കാം.
ആശിഷിന് മോശം അനുഭവം ഉണ്ടായ ബാങ്കിന്റെ ബ്രാഞ്ച് കോഡും മറ്റ് വിവരങ്ങളും ദയവായി പങ്കുവെക്കണമെന്നും എസ്ബിഐ അറിയിച്ചു. പിന്നാലെ, എസ്ബിഐ പ്രശ്നത്തില്‍ ഇടപെട്ടുവെന്നും ബാങ്കിന്റെ ചീഫ് മാനേജര്‍ തന്നെ അനുനയത്തിനായി വീട്ടില്‍ എത്തിയെന്നും ആശിഷ് ട്വീറ്റ് ചെയ്തു.