ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ വലിയമ്മയായി സാവിത്രി അന്തര്‍ജനം അഭിഷിക്തയായി. അടുത്ത ഒരുവര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജനം പൂജാദികര്‍മങ്ങള്‍ സ്വായത്തമാക്കും. ഇതിനുശേഷമാണ് വലിയമ്മയുടെ ചുമതല ഏല്‍ക്കുന്നത്.
കോട്ടയം നാട്ടാശ്ശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യാദേവി അന്തര്‍ജനത്തിന്റെയും മകളാണ്. പതിമൂന്നാം വയസ്സില്‍ മണ്ണാറശാല ഇല്ലത്തെ എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി വിവാഹം കഴിച്ചുകൊണ്ടുവന്നതാണ്. ചെറിയമ്മയായിരുന്ന ശ്രീദേവി അന്തര്‍ജനം അന്തരിച്ചതിനെത്തുടര്‍ന്നാണ് സാവിത്രി അന്തര്‍ജനം ചെറിയമ്മയുടെ ചുമതലയേറ്റെടുത്തത്.
വലിയമ്മയ്‌ക്കൊപ്പം ചെറിയമ്മയും മണ്ണാറശാലയിലെ പുരാതന ഇല്ലത്താണു താമസിക്കേണ്ടത്. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി 2016 നവംബര്‍ അഞ്ചിന് അന്തരിച്ചു. മക്കള്‍: എം.എസ്. വാസവന്‍, ശ്യാംസുന്ദര്‍, സുബ്രഹ്‌മണ്യന്‍, ശ്രീദേവി, നാഗദാസ്, ഉഷ.
ഇന്നലെ രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തർജനം (93) സമാധിയായത്. രാത്രി വൈകി സംസ്കാരം നടത്തി. അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി അമ്മ നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കൽ ചടങ്ങിന് 2016ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.