KeralaNews

യക്ഷിയെ പ്രണയിച്ച തന്ത്രികുമാരന്‍; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍

സേവ് ദ് ഡേറ്റ് വ്യത്യസ്തമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അതിനായി പലരും വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മുത്തശ്ശിക്കഥയെ ആസ്പദമാക്കി ഒരുക്കിയ സേവ് ദ് ഡേറ്റാണ്. കഥകളിലൂടെ സുപരിചിതയായ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് വധുവരന്മാര്‍ എത്തിയത്.സേവ് ദ് ഡേറ്റ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് മുണ്ടക്കയം സ്വദേശികളായ അര്‍ച്ചനഅഖില്‍ എന്നിവരുടെ സേവ് ദ് ഡേറ്റ് വ്യത്യസ്തമായി ചിത്രീകരിച്ചത്.

സേവ് ദ് ഡേറ്റ് കഥ പറയുന്നത് ഇങ്ങനെയാണ് ഒരു തന്ത്രികുമാരന്‍ ഇളവന്നൂര്‍ മടത്തിലേക്ക് യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടര്‍ന്നു നീലിയെ ആവാഹിക്കാന്‍ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരന്‍ ഭാര്യയായി സ്വീകരിക്കുന്നു. മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് അവതരണം.

അഖിലിന്റെയും അര്‍ച്ചനയുടെയും ആഗ്രഹം എന്തെങ്കിലും ആശയം അടിസ്ഥാനമാക്കി സേവ് ദ് ഡേറ്റ് ചെയ്യണമെന്നായിരുന്നു. ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിന്‍ ഏതാനും ആശയങ്ങള്‍ ഇവരോട് പറഞ്ഞു. ഇതിലെ യക്ഷിക്കഥയാണ് ഇവര്‍ക്ക് ഇഷ്ടപ്പെട്ടത്. ചിത്രീകരണത്തിലെ ചില സങ്കീര്‍ണതകള്‍ കാരണം ജിബിന്‍ മുന്‍പ് വേണ്ടെന്നു വച്ചതായിരുന്നു ഈ ആശയം. എങ്കിലും ഇരുവരും പൂര്‍ണസമ്മതവും താല്‍പര്യവും അറിയിച്ചതോടെ യക്ഷിക്കഥയുമായി മുന്നോട്ട് പോയി.

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങള്‍ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടില്‍ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒരു ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയായി. ഡബിങ് ആര്‍ട്ടിസ്റ്റ് ആയ സൂസന്‍ ആണ് മുത്തശ്ശിക്ക് ശബ്ദം നല്‍കിയത്. ജിബിന്‍ ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. നിതിന്‍ റോയ് വിഡിയോയും ഗോകുല്‍ എഡിറ്റിങും ചെയ്തിരിക്കുന്നു. ഏപ്രില്‍ 28ന് ആണ് അഖില്‍-അര്‍ച്ചന വിവാഹം.

സേവ് ദ് ഡേറ്റ് കണ്ടിട്ട് ഒരു സിനിമ കണ്ടതു പോലെ തോന്നി എന്നതുള്‍പ്പടെയുള്ള അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫോട്ടോഗ്രാഫറായ ജിബിന്‍. ഏതാനും ട്വിസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണു കഥവികസിപ്പിച്ചത്. പകല്‍ സമയത്തായിരുന്നു ചിത്രീകരണം.

വിഎഫ്എക്സ് ഉപയോഗിച്ചിട്ടില്ല. ദൃശ്യങ്ങളും ശബ്ദവും മികച്ച രീതിയില്‍ സംയോജപ്പിച്ച് ഹൊറര്‍ ഫീല്‍ കൊണ്ടുവരാനായിരുന്നു ശ്രമമെന്നും അതു വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ഫോട്ടോഗ്രാഫര്‍ ജിബിന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker