റിയാദ്: സ്ത്രീ ശാക്തീകരണ രംഗത്ത് പുതിയ ചരിത്രം രചിച്ച് സൗദി അറേബ്യ. മൂന്നു വര്‍ഷം മുമ്പു വരെ, വനിതകള്‍ക്ക് സ്വന്തമായി കാര്‍ ഓടിക്കാന്‍ അനുവാദമില്ലാതിരുന്ന സൗദിയില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഇനി സൗദി വനിതകളും ഓടിക്കും. ഹറമൈന്‍ മെട്രോയിലെ വനിതാ ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാനം പൂര്‍ത്തിയായതായി സൗദി റെയില്‍വേ കമ്പനി അറിയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ ഡ്രൈവിംഗ് ക്യാബിനുള്ളിലിരുന്ന് ട്രെയിന്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിശീലന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി റെയില്‍വേ കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
ഒരു സ്റ്റേഷനില്‍ നിന്ന് തീവണ്ടി യഥാസമയം നീങ്ങുകയും കാലതാമസമോ പ്രശ്നങ്ങളോ കൂടാതെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയും കാര്യക്ഷമതയും കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനമാണ് ഹറമൈന്‍ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പരിശീലകനും ട്രെയിന്‍ ക്യാപ്റ്റനുമായ മുഹന്നദ് ഷാക്കിര്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വനിതാ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ പറഞ്ഞു. തീര്‍ഥാടകരെയും സന്ദര്‍ശകരെയും കൊണ്ടുപോകുന്നത് വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ട്രെയിന്‍ ഓടിക്കുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ അഭിമുഖീകരിക്കാനിടയുള്ള എല്ലാ കാലാവസ്ഥാ ഘടകങ്ങളും സാങ്കേതിക പ്രശ്നങ്ങളും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന രീതിയില്‍, യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും പ്രതിനിധീകരിക്കുന്ന ഒരു സിമുലേറ്ററിലൂടെയാണ് ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഓടിക്കാന്‍ തങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് പവനിതാ ലോക്കോ പൈലറ്റുമാരില്‍ ഒരാള്‍ പറഞ്ഞു. യഥാര്‍ത്ഥ യാത്രകളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരാന്‍ ഇത് സഹായിക്കുമെന്നും അവര്‍ അറിയിച്ചു.
ഗതാഗത, ലോജിസ്റ്റിക് സേവന മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ സൗദി വനിതകളെ തെരഞ്ഞെടുത്തതെന്ന് സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.
രാജ്യത്തെ വനിതാ ശാക്തീകരണ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് വനിതാ ലോക്കോ പൈലറ്റുമാരുടെ വിജയം സഹായകമാവുമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു. തീര്‍ഥാടന നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 453 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ.