തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയൊരുക്കി പ്രവേശന പരീക്ഷ നടത്തിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തിരുവനന്തപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂടിനില്‍ക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ വിമര്‍ശനം.
ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനം മൂലം മാറ്റുകയായിരുന്നു. ഇന്നലെ പരീക്ഷ നടത്തിയതാവട്ടെ, എന്നത്തേക്കാള്‍ സമ്പര്‍ക്ക വ്യാപനം രൂക്ഷമായ ഘട്ടത്തിലും. ഇതാണ് വിമര്‍ശനത്തിനു വഴിവച്ചത്.
നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി പരീക്ഷയെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കൊവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു. പരീക്ഷ മാറ്റി വയ്ക്കാന്‍ താനും മറ്റു പലരും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ശശി തരൂര്‍ പറഞ്ഞു.