മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ മർദിച്ച കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. കോടതിയിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യൻ താരത്തിനെതിരെ സപ്ന ഗിൽ കൂടുതല്‍ ആരോപണങ്ങളുയർത്തിയത്. പൃഥ്വി ഷാ ഉൾപ്പെടെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് സപ്ന ഗിൽ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ക്രിക്കറ്റ് താരമാണു പൊതു സ്ഥലത്തുവച്ച് തന്നെ ഉപദ്രവിച്ചതെന്നും താരത്തിൽനിന്ന് പണമോ, സെൽഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്ന പറഞ്ഞു.
‘‘ ഞങ്ങൾ ആരെയും തല്ലിയിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല. അവർ തെറ്റായ ആരോപണങ്ങളാണ് ഞങ്ങൾക്ക് എതിരെ പ്രയോഗിക്കുന്നത്. സെൽഫിയെടുക്കാനൊന്നും ഞാൻ ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങൾ അവിടെ ഒരു വിഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവർ എന്റെ സുഹൃത്തിനെ ആക്രമിക്കുന്നതു കണ്ടത്. ഞാൻ പോയി അവരെ തടയാൻ ശ്രമിച്ചു. അപ്പോൾ എന്നെ ബേസ്ബോൾ ബാറ്റുകൊണ്ടാണ് അവർ മർദിച്ചത്. ചിലര്‍ എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു.’’– സപ്ന ഗിൽ ആരോപിച്ചു.
‘‘ആ സമയത്ത് അവർ ദേഷ്യപ്പെടുന്നുണ്ടായിരുന്നു, നല്ല പോലെ കുടിച്ചിട്ടുമുണ്ട്. വിമാനത്താവളത്തിൽവച്ചാണ് ഞങ്ങൾ അവരെ തടഞ്ഞത്. ആളുകളെ വിളിച്ചുകൂട്ടി രക്ഷപെടാനായിരുന്നു പൃഥ്വി ഷായുടേയും സുഹൃത്തിന്റേയും ശ്രമം. പിന്നീട് അവർ ഞങ്ങളോടു മാപ്പു പറഞ്ഞു.’’– സപ്ന ഗിൽ ആരോപിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സപ്ന ഗിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
പൃഥ്വി ഷായ്ക്കു പുറമേ സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയെന്ന് സപ്നയുടെ അഭിഭാഷകൻ അലി കാഷിഫ് ദേശ്മുഖ് വാർത്താ ഏജൻസിയോടു പറഞ്ഞു. പൃഥ്വി ഷായെ ആക്രമിച്ച കേസിൽ സപ്ന ഗിൽ ഉൾപ്പെടെ ഏഴു പേർക്കെതിരെ ഒഷിവാര പൊലീസാണു കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച സപ്ന ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു.