മൈസുരു: മലയാളി താരം സഞ്ജു സാംസന്റെ ബുദ്ധിപരമായ ഒരു ഇടപെടല്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ സംഭവം പങ്കുവെച്ച് ടീം ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍. 2020-ല്‍ കാന്‍ബറയിലെ മാനുക ഓവലില്‍ നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു സംഭവം. ഐസിസിയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം തന്ത്രപരമായി ഉപയോഗിച്ച് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച മത്സരമായിരുന്നു ഇത്. മത്സരത്തില്‍ 23 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഇന്ത്യയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങിയ രവീന്ദ്ര ജഡേജയെ പിന്‍വലിച്ച് യുസ്‌വേന്ദ്ര ചാഹലിനെ ബൗളിങ്ങിനിറക്കിയതായിരുന്നു ഇന്ത്യന്‍ തന്ത്രം. 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ ഓസീസിന്റെ നടുവൊടിച്ചു. ഫലമോ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ ജയം.
മത്സര ഫലത്തില്‍ നിര്‍ണായകമായ ഈ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് തന്ത്രം ടീം മാനേജ്‌മെന്റിനെ അറിയിച്ചത് സഞ്ജുവാണെന്നാണ് ശ്രീധര്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘കോച്ചിങ് ബിയോണ്ട് – മൈ ഡെയ്സ് വിത്ത് ദ ഇന്ത്യന്‍ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജുവില്‍ താന്‍ ഒരു ക്യാപ്റ്റനെ കാണുന്നത് അന്നായിരുന്നുവെന്നും ശ്രീധര്‍ കുറിച്ചിട്ടുണ്ട്.
പരമ്പരയിലെ ആദ്യ മത്സരമായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ജഡേജയുടെ മികവില്‍ ഏഴിന് 161 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ജഡേജയുടെ ഹെല്‍മറ്റിലിടിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ ജഡേജയ്ക്ക് കണ്‍കഷന്‍ പരിശോധനയൊന്നും നടത്തിയിരുന്നില്ല. ജഡേജയെ പേശീവലിവും അലട്ടിയിരുന്നു.
”ഞാന്‍ ആ സമയം ഡഗ്ഔട്ടിലായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ച് ഓസ്‌ട്രേലിയ ചേസ് തുടങ്ങുന്നതിനു മുമ്പ് പെട്ടെന്നു തന്നെ ഫീല്‍ഡിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സഞ്ജു സാംസണും മായങ്ക് അഗര്‍വാളുമായിരുന്നു എന്റെ അടുത്ത് ഉണ്ടായിരുന്നത്. പെട്ടെന്ന് സഞ്ജു എഴുന്നേറ്റ് ചോദിച്ചു, സര്‍, പന്ത് ജഡ്ഡുവിന്റെ ഹെല്‍മറ്റിലല്ലേ ഇടിച്ചത്. എന്തുകൊണ്ട് നമുക്ക് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന് ശ്രമിച്ചുകൂടാ? ജഡ്ഡുവിന് പകരം നമുക്ക് ഒരു ബൗളറെ ഇറക്കാമല്ലോ.” – ശ്രീധര്‍ പുസ്തകത്തില്‍ പറയുന്നു.
ഉടന്‍ തന്നെ ഇക്കാര്യം സഞ്ജുവിനോട് പരിശീലകന്‍ രവി ശാസ്ത്രിയോട് പറയാന്‍ ശ്രീധര്‍ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ തന്ത്രം ശാസ്ത്രിക്കും ബോധിച്ചതോടെ ജഡേജയെ തിരിച്ചുവിളിച്ച് ചാഹലിനെ ഇറക്കാന്‍ ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം അനുസരിച്ച് അപേക്ഷ നല്‍കി. ഐസിസി അത് അംഗീകരിക്കുകയും ചെയ്തു. ഈ നീക്കത്തിനെതിരെ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മാച്ച് റഫറിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
”ആ യുവതാരത്തില്‍ (സഞ്ജു) ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത് അപ്പോഴാണ്. സഞ്ജുവിന്റെ പെട്ടെന്നുള്ള ഈ ചിന്തയാണ് ചാഹലിനെ ഉള്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഈ സംഭവം ജീവിതകാലം മുഴുവന്‍ എനിക്കൊപ്പമുണ്ടാകും. കളിയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു നായകനെ അപ്പോള്‍ ഞാന്‍ കണ്ടു. എങ്ങനെയാണ് താന്‍ പുറത്തായതെന്നായിരുന്നില്ല സഞ്ജു ചിന്തിച്ചിരുന്നത്. അവന്‍ ടീമിന് വേണ്ടി ചിന്തിക്കുകയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരാളുടെ വ്യക്തിത്വം വെളിവാകുന്നത്.” – ശ്രീധര്‍ പുസ്തകത്തില്‍ വിശദീകരിച്ചു.
അന്ന് പരിശീലകനായിരുന്ന രവി ശാസ്ത്രിയോ ക്യാപ്റ്റനായിരുന്ന വിരാട് കോലിയോ അത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഉണ്ടായിരിക്കില്ലെന്നും ശ്രീധര്‍ പറയുന്നു.
Wow Sanju Samson! pic.twitter.com/c2xsJl2zOV
— Priyansh (@bhhupendrajogi) January 16, 2023