CrimeKeralaNews

നിർബന്ധിത ക്ലാസ്, മെഡിക്കൽ കോളേജിൽ ഒരാഴ്‌ച സന്നദ്ധ സേവനം;ആറു വകുപ്പുകള്‍ പ്രകാരം കേസ്,ലൈസന്‍സ് സസ്‌പെന്‍ഷന്‍;രംഗണ്ണന്‍ കളിയ്ക്കാന്‍ നോക്കിയപ്പോള്‍ പണി കിട്ടിയത് കട്ടയ്ക്ക്‌

ആലപ്പുഴ:വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡു ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടു കഴിയുന്നവര്‍ക്കു സേവനം ചെയ്യണം. ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുകയും വേണം.

ഒരാഴ്ച മുന്‍പാണ് കാറിനുള്ളില്‍ കുളമൊരുക്കി ഉല്ലസിച്ചു സഞ്ചരിക്കുന്ന വീഡിയോ അപ്ലോഡുചെയ്തത്. സീറ്റഴിച്ച് പടുത (ടാര്‍പോളിന്‍) വിരിച്ചാണ് വെള്ളംനിറച്ചത്. തുടര്‍ന്ന് കുളിച്ചും കരിക്കു കുടിച്ചും ആഘോഷിച്ചായിരുന്നു യാത്ര. ഇതേതുടര്‍ന്നാണ് അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കല്‍, റോഡ് സേഫ്റ്റി വൈലേഷന്‍, ഒബ്‌സ്ട്രറ്റീവ് പാര്‍ക്കിങ്, സ്‌റ്റോപ്പിങ് വെഹിക്കിള്‍ ഇന്‍കണ്‍വീനിയന്‍സ് ടു പാസഞ്ചര്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

ഇതിനിടയില്‍ വെള്ളം ചോര്‍ന്ന് കാറിനകത്തു പരന്നു. നനഞ്ഞ് എയര്‍ബാഗ് പൊട്ടി. തുടര്‍ന്ന് അകം മുഴുവന്‍ വെള്ളം നിറഞ്ഞു. പൂന്തോപ്പ് സെയ്ന്റ് മേരീസ് സ്‌കൂളിനു മുന്നില്‍ വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും മുന്നിലായിരുന്നു സംഭവം. ഇതെല്ലാം അപ്പപ്പോള്‍ സഞ്ജു യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതാണ് നടപടിയിലേക്കു നയിച്ചത്. കുട്ടികള്‍ വരുമ്പോള്‍ വാതില്‍ തുറന്ന് പടുതയിലെ വെള്ളം പുറത്തേക്കൊഴുക്കിയത് ഗുരുതരമായ സുരക്ഷാപ്രശ്‌നമാണെന്ന് എം.വി.ഡി. പറഞ്ഞു.

എന്റെ വാഹനത്തില്‍ ഇഷ്ടമുള്ളതു ചെയ്യും

പണം കൊടുത്തു വാങ്ങിയ വാഹനത്തില്‍ ഇഷ്ടമുള്ളതു ചെയ്യുമെന്ന വെല്ലുവിളിയും ഇയാള്‍ നടത്തി. ‘കുള’ത്തില്‍ കളിക്കുന്ന വീഡിയോ അപ്ലോഡു ചെയ്തതിനു പിന്നാലെ ഒട്ടേറെ മോശം കമന്റുകളാണ് വീഡിയോയ്ക്കു താഴെയെത്തിയത്.

ആദ്യ വീഡിയോയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ മറ്റൊന്നും തയ്യാറാക്കി: ‘ഞാന്‍ പണംകൊടുത്തു വാങ്ങിയ വാഹനത്തില്‍ ഇഷ്ടമുള്ളതുചെയ്യും’ എന്ന രീതിയിലായിരുന്നു സംസാരം. എന്നാല്‍, ഉടമകളുടെ ഇഷ്ടാനുസരണം വാഹനമുപയോഗിക്കാന്‍ കഴിയില്ലെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.വി.ഡി. വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button