തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്‍റെ പിതാവ് സാംസൺ വിശ്വനാഥ്. എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്‍റെ പത്ത് വർഷം നശിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാർ യാദവിനും നന്ദി പറഞ്ഞ വിശ്വനാഥ് മകന്‍ നേടിയ രണ്ടു സെഞ്ച്വറികളും അവർക്ക് സമർപ്പിക്കുന്നെന്നും പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം താരങ്ങളെ വിമര്‍ശിച്ചത്.
സെഞ്ചുറി നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യൻ താരം ശ്രീകാന്തിന് എതിരെയും സാംസൺ വിശ്വനാഥ് ആരോപണം ഉയര്‍ത്തി. അദ്ദേഹം ഇന്ത്യയ്ക്കായി എന്തു കളിച്ചുവെന്ന് അറിയില്ല. ബംഗ്ലദേശിനോടു സെഞ്ച്വറി നേടിയതിൽ ശ്രീകാന്ത് പരിഹസിച്ചുവെന്നും മനസിനകത്ത് വൈരാഗ്യം വെച്ചാണ് ശ്രീകാന്ത് പെരുമാറുന്നതെന്ന് സാംസൺ വിശ്വനാഥ് ആരോപിച്ചു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് സഞ്ജു. പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയപ്പോള്‍ ഇന്നലത്തെ മത്സരത്തിലെ നിർണായക ഘടകമായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 47 പന്തിൽ താരം ഏഴ് ഫോറുകളും 10 സിക്‌സറുകളും നേടി. ടി20യിൽ തുടർച്ചയായി സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായും സഞ്ജു മാറി.
മത്സരത്തില്‍ 61 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. സഞ്ജുവിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.