ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍ പഴങ്കഥയാക്കിയാണ് ഇരുവരുടെയും മുന്നേറ്റം.
പത്ത് സിക്‌സും ഒന്‍പത് ഫോറും ചേര്‍ത്ത് 47 പന്തിലാണ് തിലകിന്റെ 120 റണ്‍സെങ്കില്‍ ഒന്‍പത് സിക്‌സും ആറ് ഫോറും ചേര്‍ത്ത് 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സഞ്ജു സ്വന്തംപേരില്‍ കുറിച്ചു.
ടി20-യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി തിലക് വര്‍മ മാറി. സഞ്ജു നേരത്തേ ഈ നേട്ടം കൈവരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നേരത്തേ ഗുസ്താവ് മക്കിയണ്‍, റിലീ റുസ്സോ, ഫില്‍ സാള്‍ട്ട് എന്നിവരും തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ സെഞ്ചുറി കുറിച്ചിട്ടുണ്ട്.
22-ാം വയസ്സിലാണ് തിലക് വര്‍മയുടെ ഈ നേട്ടം.രണ്ട് സെഞ്ചുറികള്‍ നേടുന്ന പ്രായം കുറഞ്ഞ ബാറ്ററും തിലക് വര്‍മയാണ്. ഐ.സി.സി. ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ. ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 210 റണ്‍സാണ് നേടിയത്.
ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. തിലകാണ് രണ്ടാമത്തെ ഇന്ത്യന്‍താരം. 2023-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടും ദ്വിരാഷ്ട്ര പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.