![](https://breakingkerala.com/wp-content/uploads/2025/02/sanju-2-_1200x630xt-780x470.jpg)
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന്റെ കൈവിരലില്‍ പന്ത് കൊള്ളുകയായിരുന്നു.
പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. അധികം വൈകാതെ പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കീപ്പ് ചെയ്യാനും സഞ്ജു എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറെലാണ് കീപ്പറായത്.
മത്സരത്തിത്തിനിടെ പരിക്കേറ്റതോടെ മലയാളി താരത്തിന് ആറാഴ്ച്ച വിശ്രമം വേണ്ടി വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. ഇപ്പോള്‍ സഞ്ജു വിരലുകള്‍ക്കുള്ള ചികിത്സ പൂര്‍ത്തിയാക്കിയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടിയിട്ടുണ്ട്. സഞ്ജുവിനൊപ്പം ഡോക്റ്റര്‍മാരുടെ സംഘവുമുണ്ട്. പരിക്കിനെ തുടര്‍ന്ന് ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നതില്‍ നിന്ന് സഞ്ജു പിന്മാറിയിരുന്നു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന ടി20യില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചാണ് സഞ്ജു തുടങ്ങിയത്. അതും പരമ്പരയില്‍ മൂന്ന് തവണയും തന്നെ പുറത്താക്കിയ ആര്‍ച്ചര്‍ക്കെതിരെ. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ഷോട്ട് കളിച്ചാണ് സഞ്ജു സിക്‌സര്‍ നേടിയത്.
എന്നാല്‍ മൂന്നാം പന്തില്‍ സഞ്ജുവിന്റെ വിരലുകള്‍ക്ക് പരിക്കേറ്റു. സഞ്ജു ഏറെ വിമര്‍ശനം കേട്ട പരമ്പരയായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിളും താരത്തിന് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എല്ലാ മത്സരങ്ങളിലും ഒരേ രീതിയിലും താരം പുറത്തായതും.
ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് സഞ്ജു പുറത്തായതും. ഇത്തവണ മാര്‍ക്ക് വുഡിന്റെ പന്തില്‍ സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.