ബംഗളൂരു: പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാസണ് ന്യൂസിലന്‍ഡിനെതിരെയാ ടി20 പരമ്പര നഷ്ടമായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. ഇതിനിടെ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനായെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാം ശരിയായെന്നും മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. നാഷണല്‍ ക്രിക്കറ്റ് അക്കാദമില്‍ നിന്നുള്ള ചിത്രമാണ് സഞ്ജു പങ്കുവച്ചത്. കൂടെ പരിശീലനത്തിനിടെയുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.
കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്‍സിഎയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സ്പ്രിന്റ് ചെയ്യുന്ന വീഡിയോ ആയിരുന്നത്. വീഡിയോ കാണാം
ഇനി മാര്‍ച്ചിലാണ് ഇന്ത്യ അടുത്ത നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയാണത്. നാട്ടില്‍ നടക്കുന്ന പരമ്പര മാര്‍ച്ച് 17നാണ് ആരംഭിക്കുക. പരിക്കിനെ തുടര്‍ന്ന് സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നൊഴിവാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ റിതുരാജ് ഗെയ്കവാദിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തണെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പകരക്കാരെ ഉള്‍പ്പെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നു. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും അടക്കമുള്ള ഓപ്പണര്‍മാര്‍ ടീമിലുള്ളതിനാല്‍ റുതുരാജിന്റെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയാവില്ല.
ഇന്ത്യന്‍ ട്വന്റി 20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേശ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.