CricketKeralaNewsSports

ദുലീപ് ട്രോഫിക്കിടെ ‘എതിരാളിയായ’ സഞ്ജുവിനോട് സൂര്യ!തന്റെ മാറ്റത്തിന് പ്രേരണ വ്യക്തമാക്കി മല്ലുസൂപ്പര്‍സ്റ്റാര്‍

ഡർബൻ: ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയത്ത് രണ്ടാമത്തെ മത്സരത്തിനിടെ എതിർ ടീമിൽ അംഗമായിരുന്ന സൂര്യകുമാർ യാദവ്, ഇന്ത്യയ്ക്കായി അടുത്ത ഏഴു മത്സരങ്ങളിലും താൻ കളിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഈ ഏഴു മത്സരങ്ങളിലും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്യുന്നവരിൽ ഒരാൾ താനായിരിക്കുമെന്നും സൂര്യ പറഞ്ഞിരുന്നതായി സഞ്ജു വെളിപ്പെടുത്തി.

ഈ ഏഴു മത്സരങ്ങളിലും (ബംഗ്ലദേശിനെതിരെ 3 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലു മത്സരങ്ങളും) എന്തു സംഭവിച്ചാലും തന്റെ പൂർണപിന്തുണ ഉണ്ടാകുമെന്നും സൂര്യ ഉറപ്പു നൽകിയിരുന്നു. സൂര്യയിൽനിന്നും ടീമിൽനിന്നും തന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും റോളിനെക്കുറിച്ചും വ്യക്തത ലഭിച്ചത്, മികച്ച പ്രകടനം ഉറപ്പുവരുത്താൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. കരിയറിൽ ആദ്യമായാണ് ഇത്തരത്തിലൊരു വ്യക്തത തനിക്കു ലഭിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

‘‘ഞാൻ ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയം. രണ്ടാമത്തെ മത്സരത്തിൽ ഞാൻ കളിച്ച ടീമിന്റെ എതിർ ടീമിലായിരുന്നു സൂര്യ. ‘ചേട്ടാ, അടുത്ത ഏഴു മത്സരങ്ങളിലും നീ കളിക്കും’ എന്ന് ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിനിടെ സൂര്യ വിളിച്ചുപറഞ്ഞു. അടുത്ത ഏഴു കളികളിൽ നീയാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ പോകുന്നത്. എന്തു സംഭവിച്ചാലും നിനക്ക് എന്റെ പൂർണ പിന്തുണയുണ്ടാകും’ – മത്സരശേഷം സഞ്ജു പറഞ്ഞു.

‘‘അതോടെ, ടീമിൽ എന്റെ ഉത്തരവാദിത്തം എന്താണ് എന്ന കാര്യത്തിൽ എനിക്ക് വ്യക്തത ലഭിച്ചു. എന്റെ കരിയറിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉറപ്പ് എനിക്ക് കിട്ടുന്നത്. അടുത്ത ഏഴു മത്സരങ്ങളിൽ ഞാനുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതോടെ, തീർത്തും വ്യത്യസ്തമായ മനഃസ്ഥിതിയോടെയാണ് ഞാൻ കളിക്കാനിറങ്ങിയത്. ഇത്രയും പിന്തുണ കിട്ടുന്ന സാഹചര്യത്തിൽ എന്തെങ്കിലും കാര്യമായി ചെയ്യേണ്ടത് എന്റെ കടമയാണെന്ന് തോന്നി.

‘‘ടീമിന്റെ ക്യാപ്റ്റനിൽനിന്ന് ഇത്തരത്തിലുള്ള പിന്തുണയും ഉറുപ്പും കിട്ടിയാൽ, അതിന്റെ പ്രതിഫലനം നമ്മുടെ പ്രകടനത്തിലും ഉണ്ടാകുമെന്ന് തീർച്ചയാണ്. ടീം മാനേജ്മെന്റും എനിക്ക് അടുത്ത ഏഴു മത്സരങ്ങളിലുള്ള ഉത്തരവാദിത്തം എന്താണെന്ന് വ്യക്തമാക്കിത്തന്നു. ഈ ഏഴു മത്സരങ്ങളിലും ഞാനാകും ഓപ്പണറെന്ന് മുൻപേ അറിയിപ്പു കിട്ടി. എന്തായാലും അധികം വിദൂരഭാവിയേക്കുറിച്ചൊന്നും ചിന്തിക്കാൻ എനിക്ക് താൽപര്യമില്ല. ടീമിനായി ഗുണകരമായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം’ – സഞ്ജു പറഞ്ഞു.

മത്സരത്തിലാകെ ഏഴു ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതമാണ് സഞ്ജു 107 റൺസെടുത്തത്. സഞ്ജുവിന്റെ സെഞ്ചറിക്കരുത്തിൽ ഇന്ത്യ നേടിയത് 20 ഓവറിൽ എട്ടു വിക്കറ്റഅ നഷ്ടത്തിൽ 202 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 141 റൺസിന് പുറത്തായി. ഇതോടെ നാലു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഡർബനിലെ പിച്ചിൽ അധിക ബൗൺസ് ഉണ്ടായിരുന്നെങ്കിലും മത്സരത്തിനു മുന്നോടിയായി നടത്തിയ ഒരുക്കങ്ങൾ ഉപകാരപ്രദമായെന്ന് സഞ്ജു വെളിപ്പെടുത്തി.

‘‘സ്വന്തം രാജ്യത്തിനായി സെഞ്ചറി നേടുന്നത് എന്തൊക്കെ പറഞ്ഞാലും ഒരു പ്രത്യേക വികാരം തന്നെയാണ്. വിക്കറ്റിൽ കുറച്ചധികം ബൗൺസുണ്ടായിരുന്നു. കഴിഞ്ഞ 3–4 ദിവസമായി ഇവിടെ മഴയായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റിങ് അൽപം വെല്ലുവിളി നിറഞ്ഞതായിരുന്നു. 

‘‘സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനുള്ളിൽ പരസ്പരം സംസാരിച്ചാണ് ഞങ്ങളുടെ പരിശീലനവും ഒരുക്കങ്ങളും. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടുപോലും ഞങ്ങൾ സ്ഥിരമായി ഗ്രൗണ്ടിലെത്തി പരിശീലനം നടത്തിയിരുന്നു. 2–3 മണിക്കൂർ വരെ തുടർച്ചയായി ബാറ്റിങ്ങും പരിശീലിച്ചു. അതിന്റെ ഗുണം ഇന്ന് മത്സരത്തിലും കിട്ടി. നമ്മൾ ഇപ്പോഴത്തെ ലോക ചാംപ്യൻമാരാണ്. നമ്മൾ അതിന്റേതായ രീതിയിൽത്തന്നെകളിക്കണം’ – സഞ്ജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker