ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം മുന്നില്‍ നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള വ്യക്തമായ സൂചന നല്‍കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ചത് സഞ്ജുവായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ താരം 45 പന്തില്‍ 75 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. സര്‍വീസസിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓപ്പണറായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടിയും സഞ്ജു ഓപ്പണറായിട്ടാണ് കളിക്കുന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാന അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്. ഇപ്പോഴിതാ കേരളത്തിന് വേണ്ടിയും തന്റെ തര്‍പ്പന്‍ തുടരുന്നു. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ സൂചന ലഭിച്ച് കഴിഞ്ഞു. ജോസ് ബട്‌ലറെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജു തന്നെ ടീമിന്റെ ഓപ്പണറായേക്കുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
അങ്ങനെയെങ്കില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാം. ഇതുവരെ സഞ്ജു മൂന്നാം നമ്പറിലാണ് കളിക്കുന്നത്. മൂന്നാമത് ഇറങ്ങിയിട്ടും സഞ്ജുവിന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാറുണ്ട്. സഞ്ജുവിന്റെ സ്ഥാനത്ത് ധ്രുവ് ജുറല്‍ കളിക്കാന്‍ സാധ്യതയേറെയാണ് നാലാമനായി റിയാന്‍ പരാഗും പിന്നാലെ ഷിംറോണ്‍ ഹെറ്റ്‌മെയറും എത്തിയേക്കും.