ഹൈദരാബാദ്: ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ക്ലാസും മാസും ചേര്‍ന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെ മാത്രം പരിഗണിച്ചാല്‍ ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന ടീം സ്‌കോറാണിത്.
ബംഗ്ലാദേശിനെതിരെ പേസ്-സ്പിന്‍ ഭേദമില്ലാതെയാണ് സഞ്ജു ആധിപത്യം സ്ഥാപിച്ചത്. എല്ലാ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചം. ഇതില്‍ എടുത്തുപറയേണ്ടത് റിഷാദ് ഹുസൈന്റെ ഒരോവറില്‍ നേടിയ അഞ്ച് സിക്‌സുകളാണ്. ആ വീഡിയോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
https://x.com/RCBTweets/status/1845115939576221981?t=G1OW9FQ6ADrzlOIoYyukOQ&s=19അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫിസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി.
തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) – ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് (0) പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.