CricketNewsSports

സെഞ്ചുറിക്ക് ശേഷം വികാരാധീനനായി സഞ്ജു! ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമെന്ന് മലയാളി താരം

പാള്‍: രാജ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് മലയാളി താരം സഞ്ജു സംസണ്‍ (114 പന്തില്‍ 108) ഇന്ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മുന്‍നിര തകര്‍ന്നപ്പോള്‍ സഞ്ജു ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍.

എന്തായാലും ഇപ്പോള്‍ ഇന്നത്തെ സ്‌പെഷ്യല്‍ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. മത്സരത്തിന്റെ ഇടവേളയില്‍ സംസാരിക്കുകയായിരുന്നു താരം. താരത്തിന്റെ വാക്കുകള്‍… ”ശരിക്കും വൈകാരികമായി തോന്നുന്നു, ഇപ്പോള്‍ വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സെഞ്ചുറി നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്. ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനിക്കുന്നു. അതിനുള്ള ഫലം എന്റെ വഴിക്ക് പോകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.” സഞ്ജു പറഞ്ഞു. 

പിച്ചില്‍ ബാറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ”പുതിയ പന്തില്‍ അവര്‍ നന്നായി പന്തെറിഞ്ഞു. പഴയ പന്ത് വേഗത കുറയുകയും ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടാവുകയും ചെയ്തു. രാഹുല്‍ പുറത്തായതിന് ശേഷം കേശവ് മഹാരാജിനും ആധിപത്യം കാണിക്കാനായി. പക്ഷേ, എനിക്കും തിലകിനും അത് മറികടക്കാനായി. ഇന്ന് ഞങ്ങള്‍ക്ക് ഒരു അധിക ഓള്‍റൗണ്ടര്‍ ബാറ്റിംഗിനെത്താനുണ്ടായിരുന്നു. അതിനാല്‍ 40-ാം ഓവറിന് ശേഷം അഗ്രസീവായി കളിക്കാനാണ് ആലോചിച്ചിരുന്നത്.” ഇന്ത്യയുടെ ആദ്യ ബാറ്റിംഗിന് ശേഷം സഞ്ജു വ്യക്തമാക്കി.

സഞ്ജുവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് ഇന്ത്യ നേടിയത്. രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), അക്‌സര്‍ പട്ടേല്‍ (1), വാഷിംഗ്ടണ്‍ സുന്ദര്‍ (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷദീപ് സിംഗ് (7), ആവേഷ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button