CricketKeralaNewsSports

സഞ്ജു വീണ്ടും നിരാശപ്പെടുത്തി, റുതുരാജിന് സെഞ്ചുറി; കേരളത്തെ തകര്‍ത്ത് മഹാരാഷ്ട്ര

ചണ്ഡീഗഡ്: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം കീഴടങ്ങിയത്. ആദ്യ മൂന്ന് കളിയിലെ തുടര്‍ ജയങ്ങള്‍ക്കുശേഷം കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ കേരളത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

68 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും പറത്തിയ റുതുരാജും 31 റണ്‍സെടുത്ത പവന്‍ ഷായും ഒഴികെ മറ്റാരും മഹാരാഷ്ട്രക്കായി തിളങ്ങിയില്ല. ഓപ്പണിംഗ് വിക്കറ്റില്‍ പവന്‍ ഷാ-റുതുരാജ് സഖ്യം 84 റണ്‍സടിച്ചു. എന്നാല്‍ ഒരറ്റത്ത് റുതുരാജ് തകര്‍ത്തടിച്ചതോടെ മഹാരാഷ്ട്ര മാന്യമായ സ്കോര്‍ ഉറപ്പാക്കി. കേരളത്തിനായി സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ രോഹന്‍ കുന്നുമേല്‍(44 പന്തില്‍ 58)തകര്‍ത്തടിച്ചെങ്കിലും കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ല. വിഷ്ണു വിനോദ്(10), സിജോമോന്‍ ജോസഫ്(18) എന്നിവര്‍ മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(7 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സച്ചിന്‍ ബേബി(4), മുഹമ്മദ് അസറുദ്ദീന്‍(5), ഷോണ്‍ റോജര്‍(3), അബദുള്‍ ബാസിത്(5) എന്നിവരെല്ലാം നിരാശപ്പെടുത്തി.

മഹാരാഷ്ട്രക്കായി വിക്കി ഓട്‌സ്വാള്‍ മൂന്നും അസീം കാസി രണ്ടും വിക്കറ്റെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ മേഘാലയക്കെതിരെ ആണ് കേരളത്തിന്‍റെ അവസാന മത്സരം. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കേരളം. നാല് കളികളില്‍ മുന്ന് ജയവുമായി സര്‍വീസസ് മൂന്നാമതപം അഞ്ച് കളികളില്‍ നാലു ജയമുള്ള ഹരിയാന രണ്ടാമതും ഇത്രയും മത്സരങ്ങളില്‍ നാല് ജയമുള്ള കര്‍ണാടക ഒന്നാമതുമാണ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button