FeaturedSports

സാനിയ മിര്‍സ കളി നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ കളിക്കളത്തോട് വിടപറയുന്നു. ഈ സീസണ്‍ അവസാനത്തോടെ വിരമിക്കിക്കാനാണ് സാനിയയുടെ ആലോചന. ഓസ്‌ട്രേലിയ ഓപ്പണിലെ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനവും വന്നത്.
35 വയസുകാരിയായ സാനിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാളാണ്.

‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ മത്സരശേഷം സാനിയ വ്യക്തമാക്കി.’ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ ചില കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന് ഒറ്റയടിക്ക് തീരുമാനിച്ചതല്ല. പരുക്കേറ്റാല്‍ ഭേദമാകാന്‍ ഇപ്പോള്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. മാത്രമല്ല, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒട്ടേറെ യാത്ര ചെയ്യുമ്പോള്‍ മൂന്നു വയസ്സുള്ള മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണത്. അത് ഗൗനിക്കാതിരിക്കാനാകില്ല. എന്റെ ശരീരവും പഴയതുപോലെയല്ല.

ഇന്ന് കളിക്കുമ്പോള്‍ത്തന്നെ മുട്ടിനു നല്ല വേദനയുണ്ടായിരുന്നു. ഇന്ന് തോറ്റതിനു കാരണം അതാണെന്നല്ല പറയുന്നത്. പക്ഷേ, പ്രായം കൂടുന്തോറും പരുക്കു ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്’ സാനിയ പറഞ്ഞു.സിംഗിള്‍സില്‍നിന്ന് സാനിയ 2013ല്‍ത്തന്നെ വിരമിച്ചിരുന്നു. 2003ല്‍ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറിയ സാനിയ 10 വര്‍ഷത്തോളം നീണ്ട സിംഗിള്‍സ് കരിയറില്‍ മാര്‍ട്ടിന ഹിന്‍ജിസ്, വിക്ടോറിയ അസാരങ്ക, സ്വെറ്റ്ലാന കുസ്‌നെറ്റ്‌സോവ, ദിനാര സഫീന തുടങ്ങിയ വമ്പന്‍ താരങ്ങളെ തോല്‍പ്പിച്ചിട്ടുണ്ട്.

പിന്നീട് ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസിനൊപ്പം 2015ല്‍ യുഎസ് ഓപ്പണ്‍, വിമ്പിള്‍ഡന്‍ കിരീടങ്ങള്‍ ചൂടി. 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി. ഇതിനു പുറമേ മൂന്നു തവണ മിക്‌സഡ് ഡബിള്‍സിലും ഗ്രാന്‍സ്‌ലാം കിരീടം ചൂടി.ഇത്തവണ യുക്രെയ്ന്‍ താരം നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ടൂര്‍ണമെന്റില്‍ 12ാം സീഡായിരുന്നെങ്കിലും ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി. സ്ലൊവേനിയന്‍ സഖ്യമായ കാജ യുവാന്‍ ടമാര സിദാന്‍സേക് എന്നിവരാണ് ആദ്യ റൗണ്ടില്‍ത്തന്നെ സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്. 4-6, 6-7 (5) എന്ന സ്‌കോറിലായിരുന്നു സ്ലൊവേനിയന്‍ സഖ്യത്തിന്റെ വിജയം.

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68ാം റാങ്കിലാണ് സാനിയ.ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ക്കു പുറമേ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിന്‍ജിസിനൊപ്പം 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് ഏറ്റവുമൊടുവില്‍ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്. ഡബിള്‍സില്‍ സാനിയ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത് ഹിന്‍ജിസിനൊപ്പമായിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വര്‍ഷങ്ങളായി കളത്തില്‍ പഴയതുപോലെ സജീവമല്ല. 2018ല്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. തുടര്‍ന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വിട്ടുനിന്നു. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപ്പണില്‍ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43ാം ഡബിള്‍സ് കിരീടമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker