‘നമ്മുടെ പ്രണയം ഇങ്ങനെ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്.. മഞ്ജുവിന്‍റെ ജീവന് ഭീഷണി: സനല്‍കുമാര്‍ ശശിധരന്‍
കൊച്ചി:നടി മഞ്ജു വാരിയർക്ക് തന്നോട് പ്രണയമാണെന്നും ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് അത് തുറന്ന് പറയാത്തതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ഫെയ്സ്ബുക്കിൽ കുറിപ്പുകൾ പതിവായതോടെ മഞ്ജു സനലിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നടിയുടെ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
എന്നാൽ മഞ്ജുവിനെ വിടാതെ പിടിച്ചിരിക്കുകയാണ് സനൽ. കഴിഞ്ഞു പോയ സംഭവങ്ങളുടെ തുടർച്ചയായി വീണ്ടും ഫെയ്സ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് സനൽ. മഞ്ജുവിന്‍റെ ജീവന് ഭീഷണി ആരാണെന്ന് പൊതുസമൂഹം അന്വേഷിക്കണമെന്നാണ് ഫെയ്സ്ബുക് പോസ്റ്റില്‍ സനലിന്‍റെ ആവശ്യം.
സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരുമായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു.
മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു.
നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം!
സനലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. ഇതിന് സനൽ മറുപടിയും നൽകിയിട്ടുണ്ട്. ‘അവർക്ക് പരസ്യമായി പറയാൻ കഴിയില്ല, ഒരു വിഡിയോ കാൾ പോലും അനുവദിക്കാത്ത അവസ്ഥയാണ് എന്നാണ് അവർ എന്നോട് പറഞ്ഞത്. പരസ്യമായി ഒരു ലൈവ് പോയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു.
എന്തിനു രഹസ്യമായി നിഷേധിക്കണം?. അല്ലെങ്കിൽ ഒരു പത്ര സമ്മേളനം നടത്തി പറയട്ടെ. എനിക്കെതിരെ കൊടുത്ത കേസിന്റെ സത്യാവസ്ഥയും പറയാമല്ലോ. അതിൽ തെളിവ് കൊടുക്കട്ടെ. എന്തിന് മൗനം പാലിക്കുന്നു?’ – എന്നും സനൽ കുമാർ കുറിച്ചിട്ടുണ്ട്.