
കോഴിക്കോട്: പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമസ്ത മുഖപത്രത്തില്‍ വിമര്‍ശനം. വിപ്പ് ലംഘിച്ച് പ്രിയങ്ക സഭയില്‍ എത്താതിരുന്നത് കളങ്കമാണെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ബിജെപി ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം മായാതെ നില്‍ക്കുമെന്നും മുഖപത്രത്തില്‍ പറയുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും ലേഖനത്തിലുണ്ട്.
ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ച നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പേരെടുത്ത് പ്രശംസിച്ച ലേഖനത്തിലാണ് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കുമെതിരെ വിമര്‍ശനം. പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിനേയും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡിഎംകെയുടേയും അംഗങ്ങളെയും ലേഖനത്തില്‍ പ്രത്യേകം പ്രശംസിച്ചു.
കോണ്‍ഗ്രസും തൃണമൂലും ഇടതു പാര്‍ട്ടികളും അടങ്ങുന്ന ഇന്ത്യാസഖ്യവും ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. ഗൗരവ് ഗോഗോയിയും കല്യാണ്‍ ബാനര്‍ജിയും അസദുദ്ദീന്‍ ഉവൈസിയും ഹൈബി ഈഡനും നടത്തിയ പ്രസംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടിയെന്നും കെ.സി വേണുഗോപാലും ഇടി മുഹമ്മദ് ബഷീറും എന്‍കെ പ്രേമചന്ദ്രനും കെ രാധാകൃഷ്ണനുമെല്ലാം ബില്ലിലെ ഒളിയജണ്ടകള്‍ പുറത്തിട്ട് സര്‍ക്കാരിനെ കടിച്ചുകുടഞ്ഞുവെന്നും സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.
രോഗംബാധിച്ചു കിടക്കുന്ന അടുത്ത ബന്ധുവിനെ കാണാനാണ് പ്രിയങ്കാ ഗാന്ധി പോയതെന്നാണ് ഈ വിഷത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ വിശദീകരണം. അതേസമയം രാഹുല്‍ ഗാന്ധി സംസാരിക്കാതിരുന്നത് നയപരമായ തീരുമാനമായിരുന്നുവെന്നും വിഷയം അവതരിപ്പിക്കുമ്പോള്‍ വ്യക്തിപരമായ വിമര്‍ശനങ്ങളിലേക്ക് കാര്യങ്ങള്‍ പോയേക്കാമെന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു തീരുമാനം എടുത്തതെന്നുമാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് സമസ്ത മുഖപത്രത്തിലെ വിമര്‍ശനം.