Entertainment

നാഗചൈതന്യയുമായി വേര്‍പിരിഞ്ഞത് കുഞ്ഞുങ്ങളില്ലാത്തത് കൊണ്ടാണോ? വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന പറച്ചിലുമായി സാമന്ത

ഹൈദരാബാദ്‌: ആരുടെയും വെറുപ്പ് സമ്പാദിക്കാതെ തെന്നിന്ത്യയിലെ ക്യൂട്ട് സുന്ദരിയായി നിറഞ്ഞ് നിന്നിരുന്ന നടിയാണ് സാമന്ത രുത്പ്രഭു. എന്നാല്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വിവാഹമോചിതയാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ നടി സൈബര്‍ ആക്രമണത്തിന് ഇരയായി. കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാമന്ത തയ്യാറാകാത്തതാണ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോകാന്‍ കാരണമെന്ന് തുടങ്ങി നിരവധി കഥകളാണ് പ്രചരിച്ചത്.

ആദ്യമൊക്കെ സാമന്തയെ കുറ്റപ്പെടുത്തിയവര്‍ നാഗ ചൈതന്യയെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്‍ മറ്റൊരു വിവാഹം കഴിച്ചതോട് കൂടിയാണ് കാര്യങ്ങളുടെ വസ്തുത ഏകദേശം വ്യക്തമാവുന്നത്. ഇതോടെ സാമന്ത-നാഗ ചൈതന്യ ബന്ധം പിരിഞ്ഞതിനെ പറ്റി വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചു.

നിലവില്‍ നടി ശോഭിതയുടെ കൂടെ സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ. സാമന്ത സിനിമകളില്‍ സജീവമായി തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ നടി വീണ്ടും വിവാഹിതയാവുകയാണെന്നും പ്രണയത്തിലാണെന്നും തുടങ്ങി അനേകം വാര്‍ത്തകള്‍ വന്നെങ്കിലും അതിലൊന്നും വ്യക്തതയില്ലായിരുന്നു.

എന്നാലിപ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചടക്കം സംസാരിക്കുന്ന സാമന്തയുടെ പുതിയൊരു അഭിമുഖമാണ് വൈറലാവുന്നത്. അഭിനയത്തിന്റെ തിരക്കിലായിരിക്കുന്ന സാമന്ത നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അവരുടെ വിവാഹത്തെക്കുറിച്ചും തന്റെ നിലപാടിനെ കുറിച്ചും സാമന്ത പരോക്ഷമായി സംസാരിച്ചിരുന്നു.

‘ഇവിടെ വിവാഹമെന്നത് കൊണ്ട് എല്ലാവരും അര്‍ഥമാക്കുന്നത് വിവാഹം കഴിക്കുന്ന ഒരു സ്ത്രീ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതിന് വേണ്ടി മാത്രമാണെന്നാണ്. പക്ഷേ അങ്ങനെയല്ല. ഒരു സ്ത്രീ അങ്ങനൊരു കുഞ്ഞിന് ജന്മം കൊടുത്തില്ലെങ്കില്‍ ഭര്‍ത്താവ് ദുഃഖിതനും ഏകാന്തനുമാണെന്ന് അവര്‍ കരുതുന്നു. അതൊരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. അതില് ഒരു സത്യവുമില്ല. വിവാഹം കഴിക്കാതെയും ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുമെന്ന് നാം അംഗീകരിക്കണം.’ എന്നുമാണ് സാമന്ത പറയുന്നത്.

നാഗ ചൈതന്യ ആദ്യമായി നായകനായി അഭിനയിച്ച സിനിമയിൽ നായികയായത് സാമന്തയായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് താരങ്ങളെ വിവാഹ ജീവിതം വരെ എത്തിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടുകൂടിയാണ് വിവാഹിതരാവുന്നത്. 2017ൽ ഗോവയിൽ വച്ചാണ് ആഘോഷമായ താരവിവാഹം നടന്നത്. നാഗ ചൈതന്യ ഹിന്ദുവും സാമന്ത ക്രിസ്ത്യാനിയും ആയതുകൊണ്ട് ഇരുവരുടെയും വിശ്വാസപ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു.

പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ദമ്പതിമാരായി ഇരുവരും മാറി. നാല് വർഷങ്ങൾക്ക് ഇപ്പുറം 2021 ലാണ് ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് താരങ്ങളുടെ വേർപിരിയൽ വാർത്ത പുറത്തുവരുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം വന്നതോടുകൂടി സാമന്തയാണ് തെറ്റുകാരി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുകയും നടിയ്ക്ക് പരസ്യമായി വിചാരണകൾ നേരിടേണ്ടതായിട്ടു വന്നു. എന്നാൽ ഇപ്പോൾ സാമന്തയെ സ്നേഹിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker