Sai Pallavi : അന്നവന് വേണ്ടി പ്രേമലേഖനമെഴുതി,അച്ഛനും അമ്മയും കൈയോടെ പിടിച്ചു
തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സായ് പല്ലവി. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഈ അടുത്ത് സായ് പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. താരത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് കരണ്‍ വെളിപ്പെടുത്തിയത്.
പ്രണയമുണ്ടോയെന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരങ്ങൾ നൽകുന്ന നായികമാർ കുറവാണ്. എന്നാൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്രണയ ലേഖനം എഴുതിയിട്ടുണ്ടെന്നും അത് വീട്ടുകാർ കൈയോടെ പിടിച്ചെന്നും തുറന്നു പറയുകയാണ് നടി സായ് പല്ലവി.
വിരാട് പർവം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കാമുകന് കത്തെഴുന്നത് അമ്മ കാണുന്ന സീനുണ്ട്. ഈ കത്ത് യഥാർത്ഥമായിരുന്നോ അതോ സിനിമയ്‌ക്ക് വേണ്ടി ചെയ്തതാണോ എന്നായിരുന്നു ചോദ്യം. ഇതിനായിരുന്നു താരം രസകരമായ മറുപടി നൽകിയത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമുക്കെല്ലാം പ്രണയമുണ്ടാകില്ലേ, അതു പോലെ ഒരു പ്രേമം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് ആ ആണ്‍കുട്ടിക്ക് സായ് ഒരു പ്രണയലേഖനവും എഴുതി. എന്നാല്‍ അച്ഛനും അമ്മയും അതു കാണുകയും കൈയോടെ പിടികൂടുകയും ചെയ്തു. അന്നു ഒരുപാട് അടിയും കിട്ടി.
വിരാട പർവത്തിൽ റാണ ദഗുബട്ടിയാണ് നായകൻ. ചെറുപ്പത്തിൽ താനും ഒറ്റ തവണ മാത്രമാണ് കത്തെഴുതിയതെന്ന് റാണ പറഞ്ഞു. മരിച്ചുപോയ മുത്തച്ഛന് വേണ്ടിയായിരുന്നു ആ കത്തെഴുതൽ. നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ മൈ വില്ലേജ് ഷോയിലായിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ.
വേണു ഉഡുഗുള സംവിധാനം ചെയ്ത ചിത്രമാണ് വിരാട പർവം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്.ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. ‘വിരാട പര്‍വം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സായ് പല്ലവിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.