ബെംഗളൂരു: കര്‍ണാടകയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഒന്‍പത് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി ഇറങ്ങിയ അര്‍ജുന്‍ 26.3 ഓവര്‍ എറിഞ്ഞ് 87 റണ്‍സ് വിട്ടുനല്‍കി ഒന്‍പത് വിക്കറ്റുകളാണ് നേടിയത്. മത്സരത്തില്‍ ആതിഥേയരായ കര്‍ണാടകയ്‌ക്കെതിരേ ഗോവ 189 റണ്‍സിന്റെ ജയം നേടി. രണ്ട് ഇന്നിങ്‌സുകളിലായാണ് അര്‍ജുന്റെ വിക്കറ്റ് നേട്ടം.
അണ്ടര്‍-19, അണ്ടര്‍-23 ടീമംഗങ്ങളായിരുന്നു കര്‍ണാടക ടീമില്‍ പ്രധാനമായും കളിച്ചിരുന്നത്. നികിന്‍ ജോസ്, വിക്കറ്റ് കീപ്പര്‍ ശരത് ശ്രീനിവാസ് എന്നിവരാണ് പ്രധാന താരങ്ങള്‍. രണ്ട് ഇന്നിങ്‌സുകളിലുമായാണ് അര്‍ജുന്റെ ഒന്‍പത് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിങ്‌സില്‍ 13 ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. അര്‍ജുന്റെ പന്തേറിന് മുന്നില്‍ കര്‍ണാടക 36.5 ഓവറില്‍ 103 റണ്‍സിന് പുറത്ത്.
തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഗോവ അഭിനവ് തെജ്രാനയുടെ സെഞ്ചുറി (109) മികവില്‍ 413 റണ്‍സ് നേടി. മറുപടി ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്ക് 121 റണ്‍സേ നേടാനായുള്ളൂ. ഇതോടെ കര്‍ണാടക ഇന്നിങ്‌സിനും 189 റണ്‍സിനും പരാജയപ്പെടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 13.3 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 46 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് നേടിയത്. അടുത്തയാഴ്ചയാണ് അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ 25-ാം ജന്മദിനം. ഇതിനകം 49 മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ 68 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.