ഡെറാഡൂൺ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന് വിശേഷണങ്ങളുടെ ആവശ്യമില്ല. സച്ചിന്റെ ഓരോ ഷോട്ടുകളും തികഞ്ഞ ആരാധനയോടെയും അത്ഭുതത്തോടെയുമാണ് ആരാധകര്‍ ഏറ്റെടുത്തത്. സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പൊട്ടിക്കരഞ്ഞതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്.
സച്ചിന്റെ ബാറ്റിങ് വീണ്ടും കാണാനുള്ള അവസരം റോഡ് സേഫ്റ്റി സീരിസ് ലെജന്‍ഡ് ക്രിക്കറ്റിലൂടെ ലഭിച്ചപ്പോള്‍ ആരാധകര്‍ മതിമറന്നു. ആദ്യ സീസണില്‍ സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടുകയും ചെയ്തു. രണ്ടാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാം സീസണിലും സച്ചിന്‍ തകര്‍പ്പന്‍ ഫോമിലാണ് ബാറ്റുചെയ്യുന്നത്.
ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സച്ചിന്‍ വെറും 20 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. 49 കാരനായ സച്ചിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ചുകൊണ്ടേയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സച്ചിനെത്തന്നെയായിരുന്നു.
എന്നാല്‍ ഇതൊന്നുമല്ല ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. മത്സരത്തിനിടെ സച്ചിന്‍ നേടിയ ഒരു തകര്‍പ്പന്‍ സിക്‌സാണ്. ക്രിസ് ട്രെംലറ്റ് ചെയ്ത ഓവറിലാണ് സിക്‌സ് പിറന്നത്. ട്രെംലറ്റിന്റെ വേഗതയേറിയ പന്ത് കൂസാതെ ക്രീസ് വിട്ട് മുന്നോട്ടുവന്ന സച്ചിന്‍ തകര്‍പ്പന്‍ സിക്‌സടിച്ച് ആരാധകരെ ഹരംകൊള്ളിച്ചു. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമാണ് താരം നേടിയത്.
സച്ചിന്റെ ഈ സിക്‌സ് ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. 1998 ഷാര്‍ജാ കപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ വിഖ്യാതമായ സിക്‌സിനോടാണ് ആരാധകര്‍ ഇതിനെ ഉപമിക്കുന്നത്. നമ്മള്‍ 1998-ലാണോ ജീവിക്കുന്നത് എന്ന തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി ആരാധകര്‍ സച്ചിന്റെ സിക്‌സ് ഉത്സവമാക്കി.മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ഇംഗ്ലണ്ടിനെ 40 റണ്‍സിന് കീഴടക്കി.ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സച്ചിനും വേണമെന്നാണ് ആവേശഭരിതരായ ആരാധകരുടെ ആവശ്യം.
ഓപ്പണിങ് വിക്കറ്റിൽ നമാൻ ഓജയ്ക്കൊപ്പം സച്ചിൻ അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു. 34 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 65 റൺസ്. നമാൻ ഓജ 17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തു. ഇവർക്കു പുറമെ യുവരാജ് സിങ്ങിന്റെ പ്രകടനവും ശ്രദ്ധേയമായി. 15 പന്തുകൾ നേരിട്ട യുവി, ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു. യൂസഫ് പഠാൻ 11 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു.
സുരേഷ് റെയ്ന (എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12), സ്റ്റുവാർട്ട് ബിന്നി (11 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 18), ഇർഫാൻ പഠാൻ (ഒൻപതു പന്തിൽ ഒരു സിക്സർ സഹിതം പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി സ്റ്റീഫൻ പാരി മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോററായത് 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഫിൽ മസ്റ്റാർഡ്. ക്രിസ് ട്രെംലെറ്റ് 16 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു. ടിം അംബ്രോസ് 11 പന്തിൽ 16 റൺസെടുത്തു. ഇന്ത്യയ്ക്കായി രാജേഷ് പവാർ മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവാർട്ട് ബിന്നി, പ്രഗ്യാൻ ഓജ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.