പത്തനംതിട്ട: ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കിയത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.
ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പങ്കുവച്ചു. സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലപൂജ കഴിഞ്ഞതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് ഇന്ന് വളരെ കുറവാണുണ്ടായത്.
ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക.
മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക.
തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്ക്കും.