EntertainmentKeralaNews

‘ഒരു ബ്ലോക്ക്ബസ്റ്ററിന്‍റെ വരവാണ്, ആദ്യത്തെ ഷോട്ട് മുതല്‍ എന്‍റെ ശ്രദ്ധ പിടിച്ചു’ ‘എമ്പുരാന്‍’ ട്രെയ്‌ലറിനെ വാനോളം പുകഴ്ത്തി എസ് എസ് രാജമൗലി

കൊച്ചി: മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെയാണ് പുറത്ത് വന്നത്. വലിയ പ്രശംസയാണ് ട്രെയിലറിന് സൈബറിടങ്ങളിൽ നിന്നും ലഭിക്കുന്നത്. മികച്ചൊരു ദൃശ്യാനുഭവമാകും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്‌ലർ കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി.

ട്രെയ്‌ലർ കണ്ടിട്ട് ഒരു ബ്ലോക്ക്ബസ്റ്ററിന്‍റെ വരവാണ് തനിക്ക് തോന്നുന്നതെന്ന് രാജമൗലി എക്സില്‍ കുറിച്ചു. എമ്പുരാന്‍റെ ട്രെയ്‌ലർ അതിന്‍റെ ഏറ്റവും ആദ്യത്തെ ഷോട്ട് മുതല്‍ എന്‍റെ ശ്രദ്ധ പിടിച്ചു. മോഹന്‍ലാല്‍ സാറിന്‍റെ സ്ക്രീന്‍ പ്രസന്‍സ് കാന്തികശക്തിയുള്ള ഒന്നാണ്. വമ്പന്‍ സ്കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ത്തന്നെ ഒരു വന്‍ വിജയചിത്രമായി തോന്നുന്നു, പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും ടാഗ് ചെയ്തുകൊണ്ടാണ് രാജമൗലി എക്സില്‍ ഇത് കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് റിലീസ് ആവുന്ന ചിത്രത്തിന് വിജയാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഒപ്പം ട്രെയ്‌ലറിന്റെ ലിങ്കും പങ്കുവച്ചിട്ടുണ്ട്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്ന‍‍ഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ. എമ്പുരാന്‍റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് ആരാധകർക്ക് ആവേശമായി എമ്പുരാന്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത് വരുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker