InternationalNews

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ന്‍ തലസ്ഥാന നഗരിയായ കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രോണ്‍ ആക്രമണത്തില്‍ ബഹുനില കെട്ടിടത്തിന് ഉള്‍പ്പെടെ തീപിടിച്ചതായി യുക്രെയ്നിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തലിനെ സംബന്ധിച്ച് ഇന്നും ചര്‍ച്ചകള്‍ നടക്കാനിരിക്കവേയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കിയുമായും ഡൊണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ യുഎസ് മുന്നോട്ടുവെച്ച ഭാഗിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി സെലന്‍സ്‌കി അറിയിക്കുകയായിരുന്നു. അമേരിക്കന്‍ നേതൃത്വത്തിന് കീഴില്‍ ട്രംപിനൊപ്പം ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് സെലന്‍സ്‌കി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

യുക്രെയ്‌നിലെ ഊര്‍ജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേര്‍ക്കുള്ള ആക്രമണം നിര്‍ത്തിവെയ്ക്കാന്‍ റഷ്യയും സമ്മതം അറിയിച്ചിരുന്നു. ട്രംപുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്. യുക്രെയ്‌നുള്ള എല്ലാ വിദേശ സൈനിക സഹായവും ഇന്റലിജന്‍സ് സഹായങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് യുക്രെയ്‌ന്റെ തലസ്ഥാനനഗരത്തിലേക്ക് റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയത്. ‘തന്റെ രാജ്യത്തെ ആക്രമിക്കുന്ന റഷ്യയ്ക്കെതിരെ ‘കൂടുതല്‍ ഉപരോധങ്ങള്‍’ ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഉപരോധ വ്യവസ്ഥയെ മറികടക്കാന്‍ അവരെ അനുവദിക്കുന്ന എല്ലാ പഴുതുകളും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചര്‍ച്ച ഇന്ന് ജിദ്ദയില്‍ ചേരും. ഈ മാസം പതിനൊന്നിന് ജിദ്ദയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ തവണ സൗദി മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ യുക്രൈന്‍ വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും യു.എസിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും സംഘവും ജിദ്ദയിലെത്തുന്നത്. റഷ്യന്‍ സംഘവുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്ന് സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.

യുക്രൈനും റഷ്യയും വെടിനിര്‍ത്തലില്‍ നടത്തേണ്ട വിട്ടു വീഴ്ചകളുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. യുഎസ് റഷ്യ പ്രസിഡണ്ടുമാരുടെ സൗദി സന്ദര്‍ശനവും വൈകാതെയുണ്ടാകുമെന്നാണ് വിവരം. അതേസമയം യുക്രൈയ്‌നും പടിഞ്ഞാറും വിട്ടുവീഴ്ചകള്‍ക്ക് സമ്മതിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപനം നേരത്തെ വന്നതാണ്. അത് ആവര്‍ത്തിച്ചു റഷ്യന്‍ പ്രതിനിധി. യുക്രൈയ്‌ന് മാത്രം പ്രയോജനം ചെയ്യുന്ന ധാരണ എന്ന വിമര്‍ശനവുമുണ്ടായി. പക്ഷേ, വിട്ടുവീഴ്ചകള്‍ക്ക് പുടിന്‍ തയ്യാറാവേണ്ടിവരും എന്നാണ് വിലയിരുത്തല്‍.

റഷ്യ ഇപ്പോള്‍ യുദ്ധത്തില്‍ നേടിയിരിക്കുന്ന മുന്‍തൂക്കം നീണ്ടുനില്‍ക്കണമെന്നില്ല. യുക്രൈയ്ന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതോടെ അമേരിക്ക യുക്രൈയ്‌നുള്ള ഫണ്ടും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും പുനസ്ഥാപിച്ചു. ഇനിയുമൊരു യുദ്ധത്തിന് യുക്രൈയ്‌ന് ശക്തികിട്ടിയിട്ടുണ്ട്. യുക്രൈയ്ന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണിപ്പോള്‍. 95,000 ആണ് റഷ്യയുടെ പക്ഷത്തെ നഷ്ടം. യുക്രൈയ്‌ന് 43,000 എന്ന് ഔദ്യോഗി കകണക്ക്. അനൗദ്യോഗികം അതിനിരട്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker