കീവ്: റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ (Volodymyr Zelenskyy) വധിക്കാന്‍ റഷ്യ (Russia) കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍ ഇറക്കിയെന്നാണ് വിവരം. ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം യുക്രൈന്‍ (Ukrain) തലസ്ഥാനമായ കീവില്‍ (Keiv) എത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ സ്വകാര്യ സുരക്ഷ വിഭാഗം ‘ദ വാഗ്നര്‍ ഗ്രൂപ്പാണ്’ (Russia’s Wagner Group) ഇതിന് പിന്നില്‍ എന്നാണ് വിവരം.
ഈ സംഘം കീവില്‍ പ്രവേശിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മുതല്‍ യുക്രൈന്‍ സര്‍ക്കാര്‍ കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ കര്‍ഫ്യൂആണ് പ്രഖ്യാപിച്ചത്. റഷ്യന്‍ കൂലിപ്പടയെ പിടികൂടാന്‍ കൂടിയായിരുന്നു ഇത്. കര്‍ഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കില്‍ വെടിവയ്ക്കുക എന്നതായിരുന്നു യുക്രൈന്‍ സൈന്യത്തിന് കര്‍ഫ്യൂ സമയത്ത് ലഭിച്ച നിര്‍ദേശം.
അതേ സമയം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിൾ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകൾ ഉയർത്തി ഈ തകർച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങൾ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയുന്നത് ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാർ വിദേശത്തേക്ക് പണം അയക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് വ്ലാഡിമർ പുടിൻ.
സ്വിഫ്റ്റിൽ നിന്നും പുറന്തള്ളപ്പെട്ടതോടെ റഷ്യൻ റൂബിൾ ഒരു ഡോളറിനെതിരെ 119 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് 9.5 ശതമാനം ഉണ്ടായിരുന്ന പലിശ രാജ്യത്തെ സെൻട്രൽ ബാങ്ക് 20 ശതമാനമാക്കി ഉയർത്തിയത്. റൂബിൾ മൂല്യം 30 ശതമാനത്തോളം ഇടിഞ്ഞതോടെ ആണ് പ്രധാനപ്പെട്ട പലിശ നിരക്കുകൾ എല്ലാം ബാങ്ക് ഓഫ് റഷ്യ ഉയർത്തിയത്. ജനം പരിഭ്രാന്തരായി നെട്ടോട്ടം ഓടാൻ തുടങ്ങിയതോടെ ആളുകളോട് സമാധാനമായി ഇരിക്കാനാണ് ബാങ്ക് ഓഫ് റഷ്യ ആവശ്യപ്പെട്ടത്. എന്നാൽ ബാങ്ക് ഓഫ് റഷ്യയുടെ ഈ വാക്കുകളിൽ ജനത്തിന് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വിഫ്റ്റിൽ നിന്ന് ബാങ്ക് ഓഫ് റഷ്യ അടക്കം പുറത്തായതോടെ ചുറ്റി പോയത് യുക്രൈന് എതിരായ യുദ്ധ നീക്കത്തെ എതിർത്ത സാധാരണക്കാരായ റഷ്യക്കാർ കൂടിയാണ്.
ഈ ഘട്ടത്തിലാണ് റഷ്യക്കാർ വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയത്. ഇതോടെയാണ് വിദേശത്തേക്കുള്ള പണമിടപാടിന് വിലക്കേർപ്പെടുത്തിയത്. പ്രതിസന്ധി നേരിടാൻ റിസർവിലുണ്ടായിരുന്ന ഒരു ബില്യൺ ഡോളർ ചെലവാക്കിയിരിക്കുകയാണ് റഷ്യൻ സെൻട്രൽ ബാങ്ക്. വെള്ളിയാഴ്ചത്തെ നിലയിൽ നിന്നും 14 ശതമാനം കൂടി ഇടിഞ്ഞ് ഇന്ന് വൈകീട്ട് നാല് മണിക്ക് ഡോളറിനെതിരെ 94.60 എന്ന നിലയിലാണ് റൂബിളിന്റെ വ്യാപാരം. പലിശ നിരക്ക് ഉയർത്തിയതോടെയാണ് മൂല്യം ഉയർന്നത്. നേരത്തെ സെൻട്രൽ ബാങ്കിനെതിരെ വിലക്ക് വന്നപ്പോൾ ഡോളറിനെതിരെ 120 എന്ന നിലയിലേക്ക് റൂബിൾ താഴ്ന്നിരുന്നു. യൂറോയ്ക്ക് എതിരെ 106 ലാണ് റൂബിളിന്റെ ഇന്നത്തെ വ്യാപാരം. ഇന്ത്യൻ കറൻസിയായ രൂപയ്ക്ക് എതിരെ 0.72 എന്ന നിലയിലാണ് റൂബിൾ.
സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. പോരാട്ടം നിർത്തണമെന്നാണ് യുഎൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു. ചർച്ചകൾ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിച്ചു.
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ വ്ലാഡിമർ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. യുക്രൈൻ – റഷ്യ അടുത്ത വട്ട ചർച്ചകൾ പോളണ്ട് – ബാലറൂസ് അതിർത്തിയിൽ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രൈൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ്.
അതിനിടെ കീവിൽ തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതായാണ് ഇവിടെ നിന്നുള്ള വിവരം. കീവിൽ കുടുങ്ങിയിരുന്ന 900 ഇന്ത്യൻ വിദ്യാർത്ഥികൾ ട്രെയിനിൽ രാജ്യത്തെ പശ്ചിമ മേഖലയിലേക്ക് യാത്ര ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷൻ യുക്രൈൻ വിഷയം ചർച്ച ചെയ്തു. അഭയാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ യുഎൻ ഇടവേളകളില്ലാതെ ശ്രമിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യുക്രൈനിലെ പോരാട്ടം ഉടനടി നിർത്തണം. സൈനിക കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്നാണ് റഷ്യൻ വാദം എങ്കിലും സിവിലിയൻസ് ആക്രമിക്കപ്പെടുന്നതായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുണ്ട്. ഈ അക്രമങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്റെ പരമാധികാരം ലംഘിക്കാൻ പാടില്ല. റഷ്യയുടെ ഭാഗത്ത് നിന്നു വന്ന ആണവായുധ ഭീഷണി അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.