24.6 C
Kottayam
Monday, May 20, 2024

COVID:വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

Must read

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.

ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി. 

ചൊവ്വാഴ്ച്ച രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഒരു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി മോക്ഡ്രിൽ നിരക്ഷിക്കും. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശം നൽകുമെന്നാണ് സൂചന.

ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ നിലവിലെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർ നടപടി. വാക്സീനേഷൻ ഊർജ്ജിതമാക്കുന്നതിൻറെ ഭാഗമായി മൂക്കിലൂടെ നൽകുന്ന കൊവിഡ് വാക്സീൻ ഇന്ന് മുതൽ കൊവിൻ ആപ്പിൽ ലഭ്യമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week