ന്യൂഡല്‍ഹി:ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ചില മുസ്ലിം സംഘടനകളുടെ നേതാക്കളുമായി അടുത്തിടെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി.
‘ആ ഭാഗത്ത് നിന്ന് ഒരു ക്ഷണം ഉണ്ടാകുമ്പോള്‍, അവരുടെ ഭാഗത്ത് നിന്ന് ഒരു ദൃശ്യമായ താത്പര്യം കാണുമ്പോള്‍, അവര്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുമ്പോള്‍, ഞങ്ങള്‍ അതിനനുസരിച്ച് പ്രതികരിക്കും. മറുഭാഗത്ത് നിന്നായിരിക്കണം മുന്‍കൈ എടുക്കേണ്ടത്. സംഘപരിവാര്‍ ഒരു പുറപ്പാടും നടത്തിയിട്ടില്ല. ആ ഭാഗത്ത് നിന്നുള്ള പോസിറ്റീവായിട്ടുള്ള നടപടികളോട് മാത്രമാണ് ഞങ്ങള്‍ പ്രതികരിച്ചത്’ ഹൊസബലെ പറഞ്ഞു. ഹരിയാണയില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ ആര്‍എസ്എസിനെ വിശ്വസിക്കുന്നു, ചിലര്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ഞങ്ങളെ വിശ്വസിക്കുന്നവരെ ഞങ്ങള്‍ക്ക് സ്വീകാര്യരാണ്. ഞങ്ങള്‍ അവരെ കണ്ടുമുട്ടുന്നു. ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കും ചായകുടിക്കും ദോഷമില്ല. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ഞങ്ങള്‍ കണക്കാക്കുന്നു. ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമായോ മതവുമായോ വ്യത്യാസമില്ല. രാഷ്ട്ര താത്പര്യത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം എന്നതാണ് ഞങ്ങളുടെ ഏക താത്പര്യം’ ഹൊസബലെ കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ കാണും. മുസ്ലീങ്ങളെ കണ്ടുമുട്ടുന്നു, കിസ്ത്യാനികളെ കാണുന്നു, വിദേശികളെ കാണുന്നു. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍, ചര്‍ച്ചകള്‍ നടക്കുന്നു. ഇതാണ് ജനാധിപത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനാ പ്രതിനിധികള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ഇത് കേരളത്തിലടക്കം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടെയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് മറുഭാഗത്ത് നിന്നാണെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍.
ഇതിനിടെ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ വിവാഹതിരാകുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ആര്‍എസ്എസ് രംഗത്തെത്തി. വ്യത്യസ്ത ലിംഗക്കാര്‍ക്കേ പരസ്പരം വിവാഹിതരകാന്‍ കഴിയൂവെന്നും മറ്റുള്ളതെല്ലാം സംസ്‌കാരത്തിനും ചിന്തയ്ക്കും എതിരാണെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
‘ഞാന്‍ നേരത്തെ തന്നെ പറഞ്ഞാണ്, ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ പരസ്പരം വിവാഹിതരാകാന്‍ കഴിയുകയുള്ളൂ. നമ്മുടെ സംസ്‌കാരത്തിലും ചിന്തയിലും വിവാഹം എന്നത് ഒരു ആസ്വാദനമായി മാത്രമം കാണേണ്ടതല്ല. ഒരു സ്ഥാപനം ആണത്. കേവലം രണ്ട് പേരുടെ കൂടിച്ചേരലുകള്‍ മാത്രമായിട്ട് അതിനെ കണക്കാക്കേണ്ടതില്ല. ശാരീരികവും ലൈംഗികപരവുമായ ആസ്വാദനവുമല്ല. അത് കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ ഒന്നാണ്. അതാണ് ഹിന്ദു സംസ്‌കാരം’ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ പറഞ്ഞു.
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഹൊസബലെ നിലപാട് വ്യക്തമാക്കിയത്.