KeralaNews

‘രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു, സംഘപരിവാറാണ് ആ ക്യാന്‍സര്‍ പടര്‍ത്തുന്നത്’; സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍;വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഗാന്ധിയുടെ ചെറുമകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് തുഷാര്‍ ഗാന്ധിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ കൂസാത്ത നിലപാടായിരുന്നു തുഷാര്‍ ഗാന്ദിക്ക്. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാര്‍ ഗാന്ധി മടങ്ങി. ‘ആര്‍എസ്എസ് മൂര്‍ദാബാദ്, ഗാന്ധിജി സിന്ദാബാദ്’, മുദ്രാവാക്യഭങ്ങളാണ് അദ്ദേഹം മുഴക്കിയത്. പ്രതിഷേധക്കാരെ വകവെക്കാതെ കാറില്‍ കയറി പോവുകയായിരുന്നു. കാറിന് മുന്നില്‍ നിന്നടക്കം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

തുഷാര്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപി ഭരിക്കുന്ന വാര്‍ഡാണിതെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞാണ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാര്‍ ഗാന്ധി മടങ്ങിയത്. അതേസമയം തുഷാര്‍ ഗാന്ധിക്കെതിരെ ഉ്ണ്ടായ പ്രതിഷേധത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ അപലപിച്ചു.

നേരത്ത ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും 100 വര്‍ഷം മുന്‍പു കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലും തുഷാര്‍ ഗാന്ധി സംബന്ധിച്ചിരുന്നു. മനുഷ്യസേവനത്തിലൂടെയാണ് ആധ്യാത്മിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും സാര്‍ഥകവും സഫലവും ആകുന്നതെന്നാണ് അദ്ദേഹം ഇവിടെ പറഞ്ഞത്.

”ഗുരുവും ബാപ്പുവും ഒരേ സമയം ധര്‍മയോഗിയും കര്‍മയോഗിയുമായിരുന്നു. ഇരുവരിലും വൈവിധ്യമല്ല, പരസ്പര പൂരകത്വമാണുള്ളത്. മതജീവിതത്തിന്റെ ബാഹ്യമായ പൊള്ളത്തരങ്ങളെ ഇരുവരും ചോദ്യം ചെയ്തു. മനുഷ്യത്വമാണു വലുതെന്നും മാനവികതയാണു വീണ്ടെടുക്കേണ്ടതെന്നും 100 വര്‍ഷം മുന്‍പു നടന്ന ചരിത്രപ്രസിദ്ധമായ അവരുടെ കൂടിക്കാഴ്ച വിളംബരം ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയവും മതം ഉപയോഗപ്പെടുത്തിയുള്ള ഭിന്നിപ്പിനെയും ഭാരതീയര്‍ നേരിടേണ്ടതുണ്ട്. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു മഹാത്മാക്കള്‍ ഛിദ്രശക്തികളെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പ് ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാണ്” തുഷാര്‍ ഗാന്ധി പറഞ്ഞു.

കാലങ്ങളായി കടുത്ത സംഘപരിവാര്‍ വിമര്‍ശകനാണ് തുഷാര്‍ ഗാന്ധി. മണിലാലിന്റെ മകന്‍ അരുണ്‍ മണിലാല്‍ ഗാന്ധിയുടെ മകനാണ് തുഷാര്‍ ഗാന്ധി. അടുത്തകാലത്ത് നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഒട്ടേറെ തവണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker