കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. യു.ഡി.എഫിലെ എല്ലാ ധാരണകളും തങ്ങള്‍ പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസില്‍നിന്നും ആര്‍ക്കും തങ്ങളെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ചുനിന്നു പോരാടിയവരാണ് തങ്ങള്‍. തങ്ങളെ പുറത്താക്കുന്നതായി യുഡിഎഫില്‍ പ്രമേയം പാസാക്കിയിട്ടില്ല. യുഡിഎഫ് യോഗം ചേര്‍ന്നാണോ തങ്ങളെ പുറത്താക്കിയത് എന്ന് അറിയില്ല. യുഡിഎഫിലെ കക്ഷി എന്ന നിലയില്‍ തങ്ങളെ ഒരു യോഗത്തിനും വിളിച്ചിരുന്നില്ല. ഇക്കാര്യം മറ്റ് കക്ഷികളോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വിട്ട് വീഴ്ചയ്ക്കും തങ്ങള്‍ തയാറായിരുന്നു. ഇനി മുന്നണി നോക്കുന്നില്ല. കര്‍ഷകര്‍ക്കായി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഏതെങ്കിലും മുന്നണി ക്ഷണിച്ചാല്‍ ആ ക്ഷണം സ്വാഗതം ചെയ്യും. ഇന്ത്യയിലെ ഏത് മുന്നണിക്ക് വേണമെങ്കിലും തങ്ങളെ ക്ഷണിക്കാമല്ലോ എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും റോഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഡിഎഫില്‍ നിന്നു പുറത്താക്കിയാലും പോകില്ലെന്ന് കേരള കോണ്‍ഗ്രസ്-ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. മുന്നണി കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് വിശ്വസിക്കുന്നില്ല. തങ്ങളും മുന്നണിയിലുള്ള ഒരു പാര്‍ട്ടിയാണ്. തങ്ങളുമായി യാതൊരു കൂടിയാലോചനയും ഇക്കാര്യത്തില്‍ നടത്തിയില്ലെന്നും ഭാവി തീരുമാനം പാര്‍ട്ടി തീരുമാനിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.