FootballNewsSports

റൊണാൾഡോയും പോർച്ചുഗലും ഖത്തർ ലോകകപ്പിന്; പോളണ്ട്, സെനഗൽ യോഗ്യത നേടി

പോർട്ടോ: ആരാധക ലക്ഷങ്ങളുടെ ആശങ്കകളകറ്റി സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും റോബർട്ട് ലെവൻഡോവ്സ്കിയും സാദിയോ മാനെയും ഖത്തർ ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പായി. ലോകകപ്പ് യോഗ്യതൗ റൗണ്ടിന്റെ പ്ലേഓഫ് ഫൈനൽസിൽ റൊണാൾഡോയുടെ പോർച്ചുഗൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചതോടെയാണ് സൂപ്പർതാരം കരിയറിലെ അഞ്ചാം ലോകകപ്പിന് ഖത്തറിലെത്തുമെന്ന് ഉറപ്പായത്. ലെവൻഡോവ്സ്കി ഗോളടിച്ച് തിളങ്ങിയ പ്ലേഓഫ് ഫൈനൽസിൽ സ്വീഡിനെ തോൽപ്പിച്ചാണ് പോളണ്ട് ഖത്തറിലേക്കെത്തുന്നത്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തിൽ സെനഗൽ ഈജിപ്തിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയതോടെയാണ് സാദിയോ മാനെയ്ക്കും ഖത്തറിലേക്ക് ടിക്കറ്റ് ലഭിച്ചത്.

അതേസമയം, സാദിയോ മാനെയുടെ നേട്ടം ലോക ഫുട്ബോളിലെ മറ്റൊരു സൂപ്പർതാരം മുഹമ്മദ് സലായുടെയും റോബർട്ട് ലെവൻഡോവ്സ്കിയുടെ നേട്ടം വെറ്ററൻ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും നഷ്ടമായി. ഈജിപ്ത് പുറത്തായതോടെ ‘സലാ മാജിക്’ ഇക്കുറി ഖത്തറിലുണ്ടാകില്ല. സ്വീഡൻ പോളണ്ടിനോടു തോറ്റതോടെ ഇബ്രാഹിമോവിച്ചിന്റെ വണ്ടർ ഗോളുകളും ഖത്തറിൽ പിറക്കില്ലെന്ന് ഉറപ്പായി.

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ചിത്രം ഏറെക്കുറെ വ്യക്തമായതോടെ, ലോകകപ്പിന്റെ ഗ്രൂപ്പുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഈ വെള്ളിയാഴ്ച ദോഹയിൽ നടക്കും. നവംബർ 21 മുതലാണ് ലോകകപ്പിന് പന്തുരുളുക. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ നിമിത്തമാണ് ഇത്തവണ ലോകകപ്പ് നവംബർ–ഡിസംബർ മാസങ്ങളിലായി നടക്കുന്നത്.

ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ ആശങ്കകളെ പടിക്കു പുറത്താക്കിയാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ വീഴ്ത്തിയാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. പ്ലേഓഫ് സെമിയിൽ ഇറ്റലിയുടെ കണ്ണീർ വീഴ്ത്തിയ നോർത്ത് മാസിഡോണിയയെ, ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ഇരട്ടഗോൾ നേടി. 32, 65 മിനിറ്റുകളിലായി മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടാണ് ഫെർണാണ്ടസ് ലക്ഷ്യം കണ്ടത്.

ആദ്യ ഗോളിന് വഴിയൊരുക്കി റൊണാൾഡോയും കരുത്തുകാട്ടി. പ്ലേഓഫ് സെമിയിൽ ഇറ്റലിയുടെ കണ്ണീർ വീഴ്ത്തിയ നോർത്ത് മാസിഡോണിയയ്ക്ക്, ഫൈനൽസിൽ പോർച്ചുഗലിനെ കാര്യമായി പരീക്ഷിക്കാനായില്ല, പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ പരീക്ഷിക്കുന്ന ഷോട്ടുകളും അവരി‍ൽനിന്നുണ്ടായില്ല. ഇതോടെ തുടർച്ചയായ ആറാം ലോകകപ്പിനാണ് പോർച്ചുഗൽ ഖത്തറിലേക്ക് പറക്കുന്നത്. മുപ്പത്തേഴുകാരനായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പുമാണിത്.

മറ്റൊരു പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ സ്വീഡനെ വീഴ്ത്തി റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ടും ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോളണ്ട് സ്വീഡനെ വീഴ്ത്തിയത്. ലെവൻഡോവ്സ്കി (49, പെനൽറ്റി), പീറ്റർ സീലിൻസ്കി (72) എന്നിവരാണ് പോളണ്ടിനായി ലക്ഷ്യം കണ്ടത്. മത്സരത്തിൽ കടുത്ത പോരാട്ടം കാഴ്ചവച്ച സ്വീഡന്, ഗോൾവലയ്ക്കു മുന്നിൽ ലക്ഷ്യം പിഴച്ചതാണ് തിരിച്ചടിയായത്.

2020 യൂറോകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം തടഞ്ഞ സ്വീഡനോട് മധുരപ്രതികാരം ചെയ്താണ് പോളണ്ട് അവരുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തി ഖത്തറിലേക്ക് പറക്കുന്നത്. ഇതോടെ, നാൽപ്പതുകാരനായ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെയും ഇനി ലോകകപ്പ് വേദിയിൽ കാണാനാകില്ലെന്ന് ഉറപ്പായി. പോളണ്ടിനെതിരെ അവസാന 10 മിനിറ്റിൽ സ്വീഡിഷ് പരിശീലകൻ ഇബ്രാഹിമോവിച്ചിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

സൂപ്പർതാരം മുഹമ്മദ് സലാ പെനൽറ്റി പാഴാക്കി ദുരന്തനായകനായ മത്സരത്തിൽ, ലിവർപൂളിൽ അദ്ദേഹത്തിന്റെ സഹതാരം സാദിയോ മാനെയുടെ ചിറകിലേറി സെനഗലും ലോകകപ്പിന് യോഗ്യത നേടി. ആവേശകരമായ രണ്ടാം പാദ പ്ലേഓഫിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച സെനഗൽ, ഷൂട്ടൗട്ടിൽ 3–1നാണ് ജയിച്ചുകയറിയത്. സെനഗലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1–0ന് ജയിച്ച ആതിഥേയർ, ഇരുപാദങ്ങളിലുമായി 1–1ന് സമനില പിടിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഈജിപ്തിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തില് ‍1–0ന് തോറ്റ സെനഗലിന്, ബൗലയെ ദിയ നേടിയ ഗോളാണ് രണ്ടാം പാദത്തിൽ കരുത്തായത്. ഷൂട്ടൗട്ടിൽ മുഹമ്മദ് സലാ ഉൾപ്പെടെയുള്ളവർ പെനൽറ്റി പാഴാക്കിയപ്പോൾ, സാദിയോ മാനെയുടെ ഗോളോടെ സെനഗൽ വിജയം പിടിച്ചെടുത്തു. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു പ്രധാന ടൂർണമെന്റിൽ സെനഗൽ ഷൂട്ടൗട്ടിൽ ഈജിപ്തിനെ തോൽപ്പിച്ചത്. ഫെബ്രുവരിയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സെനഗൽ കിരീടം ചൂടിയത്.

മറ്റു മത്സരങ്ങളിൽ ഘാന, തുനീസിയ, മൊറോക്കോ, കാമറൂൺ എന്നീ ടീമുകളും ആഫ്രിക്കയിൽനിന്ന് ലോകകപ്പിന് യോഗ്യത നേടി. നൈജീരിയയെ തോൽപ്പിച്ചാണ് ഘാന ലോകകപ്പിന് എത്തുന്നത്. രണ്ടാം പാദത്തിൽ നൈജീരിയയുടെ തട്ടകത്തിൽ 1–1ന് സമനില പിടിച്ച ഘാന, എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്.

ആഫ്രിക്കയിൽനിന്ന് പുതിയ റെക്കോർഡ് കുറിച്ച് എട്ടാം തവണയാണ് കാമറൂൺ ലോകകപ്പിന് യോഗ്യത നേടുന്നത്. ആദ്യ പാദ പ്ലേഓഫിൽ 1–0ന് പിന്നിലായിപ്പോയ കാമറൂൺ, അൾജീരിയയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ വിജയം പിടിച്ച് എവേ ഗോളുകളിലാണ് കടന്നുകൂടിയത്. ആദ്യ പകുതിയിൽ കാൾ ടോകോ–എകാംബിയുടെ ഗോളിൽ കാമറൂൺ ലീഡു പിടിച്ചതോടെ ഇരുപാദങ്ങളിലുമായി 1–1 സമനില. ഇതോടെ വിജയികളെ കണ്ടെത്താൻ അധിക സമയം അനുവദിച്ചു. 118–ാം മിനിറ്റിൽ അഹമ്മദ് ടൂബയിലൂടെ ഗോൾ നേടിയ അൾജീരിയ യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയതാണ്. എന്നാൽ, അധിക സമയത്തിന്റെ ഇൻജറി ടൈമിൽ ഒരിക്കൽക്കൂടി കാൾ ടോകോ–എകാംബി ലക്ഷ്യം കണ്ടു. ഫലം, ഇരുപാദങ്ങളിലുമായി 2–2ന് സമനിലയായതോടെ രണ്ട് എവേ ഗോളുകളുടെ ബലത്തിൽ കാമറൂൺ ലോകകപ്പിന്.

രണ്ടാം പാദ പ്ലേഓഫിൽ മാലിയെ സ്വന്തം തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ കുരുക്കിയ തുനീസിയ, ആദ്യ പാദത്തിൽ നേടിയ 1–0 വിജയത്തിന്റെ ബലത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്. രണ്ടാം പാദത്തിൽ 4–1ന്റെ വിജയം നേടിയ മൊറോക്കോ, ഇരുപാദങ്ങളിലുമായി കോംഗോയെ 5–2ന് വീഴ്ത്തിയാണ് യോഗ്യത നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker