CricketNewsSports

എല്ലാവരും പുകഴ്ത്തുന്നു, ജയ്‌സ്‌വാളിനെ കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് രോഹിത് ശര്‍മ്മ; അമ്പരന്ന്‌ ക്രിക്കറ്റ്‌ലോകം

രാജ്‌കോട്ട്: 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചപ്പോള്‍ മുതല്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ഇന്ത്യയുടെ പുത്തന്‍ താരോദയം യശ്വാസി ജയ്‌സ്‌വാള്‍. സീനിയര്‍ ടീമിലേക്ക് എത്തിയത് മുതല്‍ താരത്തിന്റെ പ്രകടനവും മികച്ചതാണ്. വെറും ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ തന്നെ 22കാരനെ ക്രിക്കറ്റ് ലോകം അടുത്ത സൂപ്പര്‍താരമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ച്വറി നേടിയതോടെ താരത്തിന് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കുള്ളില്‍ പോലും ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

രാജ്‌കോട്ടില്‍ ഇന്ത്യയുടെ 434 റണ്‍സിന്റെ കൂറ്റന്‍ റെക്കോഡ് ജയത്തിന്റെ പ്രധാന ശില്‍പ്പിയാണെങ്കിലും യുവതാരത്തെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മറുപടി പക്ഷേ ഏവരേയും ഞെട്ടിക്കുകയാണ്. മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ജയ്‌സ്‌വാളിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അവനെ കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചത്.

യുവതാരങ്ങള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കുകയും അവര്‍ക്കൊപ്പം നിരന്തരം സംസാരിക്കുകയും ചെയ്യുന്നതാണ് രോഹിത് ശര്‍മ്മയെന്ന നായകന്റെ ശൈലി. ജയ്‌സ്‌വാളിന്റെ കാര്യത്തില്‍ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളി കൂടിയാണ് യുവതാരം. എന്നിട്ടും എന്തുകൊണ്ടാണ് രോഹിത് ഇങ്ങനെ പറഞ്ഞതെന്ന അമ്പരപ്പിലായിരുന്നു മാദ്ധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞതിന്റെ കാരണം രോഹിത് ശര്‍മ്മ തന്നെ വ്യക്തമാക്കുകയും ചെയ്തു.

ജയ്‌സ്‌വാളിനെ കുറിച്ച് ഒരുപാട് തവണ സംസാരിച്ച് കഴിഞ്ഞു. അവന്റെ കഴിവുകളെ കുറിച്ച് നന്നായി അറിയാം. അവന്റെ കരിയര്‍ അവന്‍ വളരെ മനോഹരമായി ആരംഭിച്ചാണ് വരവറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവനെകുറിച്ച് ചര്‍ച്ചകളുണ്ടാകുന്നതും അഭിനന്ദനപ്രവാഹങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ അവനെ കുറിച്ച് അധികം സംസാരിച്ച് സമ്മര്‍ദ്ദത്തിന് അടിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതും പ്രധാനമാണ്.- രോഹിത് ശര്‍മ്മ പറഞ്ഞു.

ജയ്‌സ്‌വാളിന് പുറമേ ടീമില്‍ അരങ്ങേറ്റ മത്സരം കളിച്ച സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരല്‍ എന്നിവരുടെ പ്രകടനവും മികച്ചതാണെന്നും രോഹിത് പറഞ്ഞു. ഇത് വളരെ അധികം ചെറുപ്പക്കാരും പരിചയസമ്പത്ത് കുറഞ്ഞവരും കളിക്കുന്ന ടീമാണ്. സമീപകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തില്‍ ഇത്രയും ചെറുപ്പക്കാര്‍ ഒരുമിച്ച് കളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ ഈ മികച്ച പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker