തൃശ്ശൂര്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കവര്‍ച്ചക്കാരില്‍ ഒരാളെ സ്വര്‍ണവുമായെത്തിയവര്‍ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.
പറവൂര്‍ സ്വദേശി അഷ്‌കറിന്റെ സ്വര്‍ണമാണ് നഷ്ടമായത്. ഫസില്‍ ഓസ്‌കാര്‍ ഇംപോര്‍ട്‌സ് എന്ന സ്വര്‍ണാഭരണനിര്‍മാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീര്‍, ബാസില്‍ ഷഹീദ് എന്നിവരാണ് ആഭരണങ്ങള്‍ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്. കവര്‍ച്ചസംഘം തിരുവനന്തപുരത്തുകാരാണ്. മലയിന്‍കീഴ് സ്വദേശി രഞ്ജിത്താണ് പിടിയിലായതെന്നും അറിയുന്നു.
ആഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലാണ് കവര്‍ച്ചസംഘം ഇവരെ വിളിച്ചുവരുത്തിയത്. സംശയത്തെത്തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ സ്വര്‍ണമില്ലാതെ ഹോട്ടല്‍മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇയാളെ കവര്‍ച്ചക്കാര്‍ തടഞ്ഞുവെച്ചു. ഫോണും വാങ്ങിവെച്ചു.
അല്പസമയത്തിനുശേഷം സ്വര്‍ണവുമായി നിന്നിരുന്ന മറ്റൊരു ജീവനക്കാരനും ഹോട്ടല്‍മുറിയിലെത്തി. ഇതോടെ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് കവര്‍ച്ചക്കാര്‍ ആഭരണനിര്‍മാതാക്കളുമായി ബന്ധപ്പെട്ടത്. ആഭരണങ്ങള്‍ കാണിക്കുന്നതിനിടെ നാലംഗസംഘം ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇവരില്‍ ഒരാളെ സ്വര്‍ണവുമായി എത്തിയവര്‍ പിടികൂടി. ഇയാളാണ് ഇവരില്‍ രണ്ടുപേരെ കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കവര്‍ച്ചക്കാരില്‍ ഒരാളെ പിടികൂടാന്‍ സാധിച്ചെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടു.
ഉള്ളില്‍ മെഴുകുനിറച്ച് നിര്‍മിക്കുന്ന ആഭരണങ്ങളായിരുന്നു ഇവയെല്ലാം. കുറച്ചു സ്വര്‍ണംകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ നിര്‍മിക്കാം. മെഴുക് ഉള്‍പ്പെടെ മൂന്നോ നാലോ കിലോ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.