കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍എസ്‌എസ് തലവനല്ലേ എന്ന് മുഹമ്മദ് റിയാസ്: പുതിയ ഇനം ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് ശബരീനാഥൻ
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാന്‍ രാജിവെച്ചതിന്റെ പശ്ചാത്തലത്തിൽ പരിഹാസവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍എസ്‌എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്ക് പ്രത്യേകം കണ്‍വീനറിന്റെ ആവശ്യമുണ്ടോ എന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. കേരളത്തിലെ മന്ത്രിമാരെ രാജിവയ്പ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടികത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെ പ്രതികരണവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി. നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും/കുടുംബവും കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്മെന്റ്, സിബിഐ, സ്റ്റേറ്റ് പൊലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണ വലയത്തിലാണെന്നത് അറിയാമല്ലോയെന്ന് ശബരീനാഥന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു. ഈ വിഷയങ്ങള്‍ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ റിയാസ് ശ്രദ്ധ ചെലുത്തണം. യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കുവാന്‍ അറിയാമെന്നും ശബരിനാഥന്‍ പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി.
അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ?
RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?
സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ
“എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി”
കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർ എസ് എസ് തലവനല്ലേ..?
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം
യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !
കെ എസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്,
കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്.
നിങ്ങൾ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം.
നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റമസ്, NIA, എൻഫോസ്‌മെന്റ്, CBI, സ്റ്റേറ്റ് പോലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു.
ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്.
അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂ….
സ്നേഹപൂർവ്വം,