തിരുവനന്തപുരം: പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രണയിക്കുന്നതും പ്രണയാഭ്യര്‍ത്ഥന തിരസ്‌കരിക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും പ്രണയം തകരുമ്പോഴും തിരസ്‌കരിക്കപ്പെടുമ്പോഴും കാമുകിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തുന്നതും നീതിയല്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്നും പ്രണയം തകരുമ്പോഴോ തിരസ്‌കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ലെന്നും അദ്ദേഹം പറയുന്നു. അത്രമേല്‍ സ്നേഹിച്ചതിന് ശേഷം പ്രാണന്‍ എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്. ഒരാണ്‍കുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കില്‍ അത് ആണ്‍ മേല്‍ക്കോയ്മയില്‍ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളതെന്നും പോസ്റ്റില്‍ പറഞ്ഞു.
പ്രിയപ്പെട്ട ആണ്‍കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങള്‍ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്‌കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്‌കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാള്‍ക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്‌കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല.
അത്രമേല്‍ സ്നേഹിച്ചതിന് ശേഷം പ്രാണന്‍ എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? ഒരാണ്‍കുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കില്‍ അത് ആണ്‍ മേല്‍ക്കോയ്മയില്‍ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്.
പ്രിയപ്പെട്ട ആണ്‍കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.
പ്രണയങ്ങള്‍ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തര്‍.