FeaturedKeralaNewsNews

ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും; രാവിലെ 6 മുതല്‍ 9 വരെ 1500 പേർക്ക് മാത്രം അനുമതി

കൽപ്പറ്റ: ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറ‌ഞ്ഞു.

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന  ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം.  ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂര്‍ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതല്‍ പരിശോധന നടത്തും. രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഒന്ന് പരപ്പന്‍പാറയില്‍ നിന്നും മറ്റൊന്ന് നിലമ്പൂരില്‍ നിന്നും. നിലമ്പൂരില്‍ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവുംലഭിച്ചു.

ദുരിത ബാധിത മേഖലയിൽ പരിശോധനയ്ക്ക് മീററ്റിൽ നിന്ന് ആർമിയും പ്രത്യേക പരിശീലനം നേടിയ നാല് നായകളെ കൂടി വ്യോമ മാർഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു.  വാര്‍ത്താ സമ്മേളനത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു,  ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ  തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker