അമരാവതി: റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ പണം തട്ടിയതായി പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ ജില്ല സ്വദേശിയായ വരലക്ഷ്മി എന്ന റിട്ടയേർഡ് അദ്ധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ ദിവസം വരലക്ഷ്മിയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. മെസേജ് തുറന്നപ്പോൾ അതിൽ ഒരു ലിങ്ക് ഉണ്ടായിരുന്നു. ലിങ്കിൽ ടച്ച് ചെയ്തെങ്കിലും അത് തുറന്നുവന്നില്ല. പിന്നീട് വരലക്ഷ്മി അതിനെക്കുറിച്ച് ഓർത്തിരുന്നില്ല. പിന്നാലെ ഇവരുടെ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പണം നഷ്ടപ്പെടുകയായിരുന്നു. പല തവണയായി പിൻവലിക്കപ്പെട്ടതിൽ നിന്ന് 21 ലക്ഷം രൂപയാണ് അദ്ധ്യാപികയ്ക്ക് നഷ്ടമായത്.
പണം നഷ്ടമായെന്ന് കണ്ടെത്തിയതിന് പിന്നാലെ വരലക്ഷ്മി ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി അധികൃതർ സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു അറിവും ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയ നിലയിലാണ്.