ഉച്ചത്തില്‍ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു; തിരുവനന്തപുരത്ത് വിമുക്ത ഭടന്‍ പോലീസുകാരനെ തൂക്കിയെടുത്ത് നിലത്തടിച്ചു
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഉച്ചത്തില്‍ സംസാരിച്ചത് താക്കീത് ചെയ്ത പൊലീസുകാരെ വിമുക്തഭടന്‍ മര്‍ദ്ദിച്ചു. പാറശാല പോഴിയൂര്‍ സ്വദേശി ഷാന്‍വില്‍ ഫ്രഡാണ്(45) പോലീസുകാരെ ആക്രമിച്ചത്. ഭാര്യയ്‌ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പോലീസുകാരെ മര്‍ദ്ദിച്ചത്. പൊഴിയൂര്‍ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പരാതി എഴുതി കൊടുക്കുന്നതിനിടയില്‍ സ്റ്റേഷനില്‍ ഭാര്യ എത്തിയതോടെ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് കണ്ടുനിന്ന പോലീസുകാര്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് വിലക്കിയപ്പോഴാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചത്.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിമുക്തഭടന്‍ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. തടയാനെത്തിയ റൈറ്ററിനും മര്‍ദ്ദനമേറ്റു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. മാനസിക വിഭാന്ത്രി കാണിച്ച ഷാനെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെയും ഇയാള്‍ അക്രമാസക്തനായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.