സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി, പാർട്ടി വിട്ടത് നിരവധി എം.എൽ.എമാർ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 15 സിറ്റിംഗ് എംഎല്‍എ മാരെ ഒഴിവാക്കികൊണ്ടായിരുന്നു പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്.
ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്.രാജിവെച്ച ദ്വാരക എംഎല്‍എ ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ശാസ്ത്രി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിംഗ് എംഎല്‍എമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി അവഗണിച്ച് പ്രചാരണവുമായി മുന്നോട്ടു പോകാനാണ് എഎപി തീരുമാനം.