തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അരുവിക്കര സ്വദേശിയായ 23 കാരി രേഷ്മയെയാണ് വീടിനുള്ളിൽ തൂങ്ങമിരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന സംശയത്തിലും മനോവിഷമത്തിലുമാണ് നവ വധു ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് രേഷമ ജീവനൊടുക്കിയത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചുവെന്ന് വീട്ടുകാർ പറയുന്നു.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ അനുഭമുണ്ടായതിൽ രേഷ്മ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് കുടുംബക്കാർ പറയുന്നത്. രേഷ്മയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിനിടെ രേഷ്മയുടെ ബന്ധുക്കളടക്കം വിവരമറിഞ്ഞ് അക്ഷയ് രാജിന്‍റെ നെടുമങ്ങാട്ടെ വീട്ടിലെത്തി. ഇവരിൽ നിന്നുൾപ്പടെ പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.