കൊച്ചി: ചങ്ങനാശേരി സ്വദേശിയായ യുവതിയെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽവച്ച് കുത്തിക്കൊന്നത് ക്രൂരമായ മാനസിക–ശാരീരിക പീഡനത്തിനു ശേഷമെന്നു വെളിപ്പെടുത്തൽ. കൊലപ്പെടുത്തും മുൻപ് രേഷ്മയെ കുറ്റവിചാരണ നടത്തുന്ന ദൃശ്യങ്ങൾ പ്രതി നൗഷിദ് മൊബൈൽ ഫോണിൽ പകർത്തി. ഇവ പൊലീസ് നൗഷിദിന്റെ ഫോണിൽനിന്നു കണ്ടെടുത്തു. തന്നെ അപായപ്പെടുത്താൻ യുവതി ദുർമന്ത്രവാദം നടത്തിയെന്നാണു പ്രതിയുടെ ആരോപണം. ഇന്നലെ രാത്രിയാണ് ചങ്ങനാശേരി സ്വദേശിയായ രേഷ്മയെ (27) കോഴിക്കോട് ബാലുശേരി സ്വദേശിയായ നൗഷിദ് കുത്തിക്കൊന്നത്.
രേഷ്മയെ കുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. ഇന്നു വൈകിട്ട് പ്രതിയെ സ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ്, സമീപത്തെ വീട്ടുപരിസരത്തുനിന്ന് ആയുധം കണ്ടെത്തിയത്.
നേരത്തെ, പൊലീസ് നൗഷിദിന്റെ ഫോണിൽനിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിൽനിന്നാണ്, പ്രതി രേഷ്മയോടു കാട്ടിയ ക്രൂരതകൾ പൊലീസിനു വ്യക്തമായത്. തന്നെ അപായപ്പെടുത്താൻ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ്, കുറ്റവിചാരണ നടത്തുന്ന രീതിയിൽ ഇയാൾ രേഷ്മയെ പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങൾ ഇയാൾ സ്വന്തം ഫോണിൽ പകർത്തി.
ഇതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തു. വഴക്കിനിടെ, ‘അങ്ങനെയെങ്കിൽ എന്നെ കൊന്നേക്കൂ’ എന്ന് രേഷ്മ പറഞ്ഞു. തർക്കം രൂക്ഷമായതോടെ നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർച്ചയായി കുത്തിയതിനാൽ രേഷ്മയുടെ കഴുത്തിൽ കൂടുതൽ മുറിവുകളുണ്ട്.
തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് സുഹൃത്തുക്കളോടു മോശമായി പറഞ്ഞു എന്നാരോപിച്ചാണ് ഇയാൾ ഇന്നലെ ഉച്ചയ്ക്ക് ഈ റൂമിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് രാത്രിയോടെയാണു കൊലപാതകം നടത്തിയത്. പൊലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇവിടെ നിന്നുതന്നെയാണ് നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻപും കൊലപാതകശ്രമത്തിൽ ഉൾപ്പെട്ട പ്രതിയാണ് നൗഷിദ് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്നലെ രാത്രി 10ന് കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പൊലീസ് പിടികൂടിയ പ്രതി നൗഷിദ് ഹോട്ടലിലെ കെയർടേക്കറാണ്. രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് നൗഷിദ് നൽകുന്നത്. മൂന്നു വർഷമായി രേഷ്മയെ സമൂഹമാധ്യമം വഴി പരിചയമുണ്ടെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് രേഷ്മ.