കൊച്ചി:ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റിപ്പോർട്ടർ ചാനലിന്റെ കുതിപ്പ്. ബാർക്ക് റേറ്റിങ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. റിപ്പോർട്ടർ ചാനലിനെ സംബന്ധിച്ചും ഇത് ആദ്യ നേട്ടമാണ്. 24 ന്യൂസ് തന്നെ പുതിയ റിപ്പോർട്ടിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
മൊത്തതില്‍ ന്യൂസ് ചാനലുകളെ സംബന്ധിച്ച 32 -ാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 33 -ാം ആഴ്ചയില്‍ ആകെ പ്രേക്ഷകരുടെ എണ്ണത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും റിപ്പോർട്ടർ വലിയ കുതിപ്പ് നടത്തി. റിപ്പോർട്ടർ 12 പോയിന്റ് വർധിപ്പിച്ചപ്പോള്‍ ജനം ടിവി, മീഡിയ വണ്‍ എന്നിവർക്ക് ഓരോ പോയിന്റ് വീതവും ഈ ആഴ്ച അധികമായി നേടാന്‍ സാധിച്ചു.
മുകളില്‍ പറഞ്ഞ മൂന്ന് ചാനലുകളുടേതൊഴികെ ബാക്കിയുള്ള എല്ലാ ചാനലുകളുടേയും റേറ്റിങില്‍ കഴിഞ്ഞ ആഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി. 32-ാം ആഴ്ചയില്‍ 166 പോയിന്റുമായിട്ടായിരുന്നു 24 ഒന്നാം സ്ഥാനം നിലനിർത്തിയത്. ഒന്നാം സ്ഥാനം 33ാം ആഴ്ചയിലും സുരക്ഷിതമാണെങ്കിലും ഇത്തവണ അവർക്ക് ലഭിച്ചത് 157 പോയിന്റാണ്. അതായത് 9 പോയിന്റിന്റെ ഇടിവ്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെ വ്യത്യാസം മാറ്റനിർത്തിയാല്‍ മറ്റ് സ്ഥാനങ്ങളില്‍ യാതൊരു വ്യത്യാസവും പുതിയ റേറ്റിങില്‍ ഉണ്ടായിട്ടില്ല. മനോരമ ന്യൂസ് – 73, മാതൃഭൂമി ന്യൂസ് – 65, കൈരളി ന്യൂസ് – 25, ന്യൂസ് 18 കേരള – 25, ജനം ടിവി – 23, മീഡിയ വണ്‍ – 17 എന്നിങ്ങനെയാണ് 33-ാം ആഴ്ചയില്‍ മറ്റ് ന്യൂസ് ചാനലുകള്‍ക്ക് ലഭിച്ച റേറ്റിങ്. അതേസമയം, മനോരമ ന്യൂസ് – 81, മാതൃഭൂമി ന്യൂസ് – 73, കൈരളി ന്യൂസ് – 27, ന്യൂസ് 18 കേരള – 25, ജനം ടിവി – 22, മീഡിയ വണ്‍ – 16 എന്ന നിലയിലായിരുന്നു 32-ാം ആഴ്ചയിലെ റേറ്റിങ്.
ഏഷ്യാനെറ്റ് – 645,സീ കേരളം – 222,മഴവിൽ മനോരമ – 214,ഫ്ലവർസ് ടിവി – 181,സുര്യ ടിവി – 146, കൈരളി ടിവി – 117,അമൃത ടിവി – 42,ഏഷ്യനെറ്റ് മൂവീസ് – 130,സുര്യ മൂവീസ് – 97,ഏഷ്യനെറ്റ് പ്ലസ് – 75, വീ ടിവി – 51,കൊച്ചു ടിവി – 53,സൂര്യ കോമഡി – 51, സൂര്യ മ്യൂസിക്ക് – 22.