CricketNewsSports

Renji trophy:യുപിയെ 162 റൺസിൽ എറിഞ്ഞിട്ട്‌ കേരളം; സക്സേനയ്‌ക്ക് 5 വിക്കറ്റ്

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന ഉത്തർപ്രദേശിനെതിരെ തകർപ്പൻ ബോളിങ് പ്രകടനവുമായി കേരളം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ്, 60.2 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. 129 റൺസിനിടെ 9 വിക്കറ്റ് നഷ്ടമാക്കി കൂടുതൽ പരിതാപകരമായ അവസ്ഥയിലായിരുന്ന ഉത്തർപ്രദേശിനെ, 10–ാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്ത ശിവം ശർമ – ആക്വിബ് ഖാൻ സഖ്യമാണ് 150 കടത്തിയത്. ഉത്തർപ്രദേശ് ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതാണ്. പത്താമനായി ഇറങ്ങി 50 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയാണ് ഉത്തർപ്രദേശിന്റെ ടോപ് സ്കോറർ.

കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകി. 16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി 12 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. കെ.എം. ആസിഫ്, ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഉത്തർപ്രദേശ് നിരയിൽ ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ആര്യൻ ജുയൽ (57 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23), മാധവ് കൗശിക് (58 പന്തിൽ രണ്ടു ഫോർ സഹിതം 13), നിതീഷ് റാണ (46 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 25), സിദ്ധാർഥ് യാദവ് (25 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19), സൗരഭ് കുമാർ (52 പന്തിൽ ഒരു ഫോർ സഹിതം 19), ശിവം മാവി (22 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13), പിയൂഷ് ചൗള (18 പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

യുവതാരങ്ങളിൽ ശ്രദ്ധേയരായ പ്രിയം ഗാർഗ് (ആറു പന്തിൽ ഒന്ന്), സമീർ റിസ്‌വി (ആറു പന്തിൽ ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ആക്വിബ് ഖാൻ 26 പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

തുമ്പ സെന്റ്‌ സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് നേടിയ കേരളം മൂന്നാം സ്ഥാനത്താണ്‌. 5 പോയിന്റുമായി യുപി അഞ്ചാമതും. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker